പാലായിലെ രണ്ടു പ്രമുഖ ബാറുകളിൽ ഗൂഗിൾ പേ യിലൂടെ പണം സ്വീകരിക്കാത്തത് നികുതി വെട്ടിക്കാനാണെന്ന് വ്യാപക ആരോപണം ഉയർന്നു .സർക്കാർ ഗൂഗിൾപെ യെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിനെതിരെ നിൽക്കുന്ന ധാർഷ്ട്യ നടപടിയാണ് പാലായിൽ പ്രവർത്തിക്കുന്ന രണ്ടു ബാറുടമകൾ സ്വീകരിച്ചിട്ടുള്ളത് .

എന്നാൽ പാലായിൽ ആകെയുള്ള രണ്ടു ബാറുകൾ സർക്കാർ വിരുദ്ധത നയമായി സ്വീകരിക്കുമ്പോൾ ബിയർ വൈൻ പാർലറായ രാജധാനി ഗൂഗിൾ പേ സ്വീകരിക്കുന്നുണ്ട് .കൗണ്ടറിൽ തന്നെ സ്കാനറും വച്ചിട്ടുണ്ട് .പാലാ ജൂബിലിക്ക് വരുന്ന ഉഴുന്നാട വള്ളി വില്പനക്കാരനും ,മലബാർ മിഠായി വിൽപ്പനക്കാരൻ പോലും തങ്ങളുടെ ചാക്കിൽ സ്കാനർ വച്ച് കച്ചവടം കൊഴുപ്പിക്കുമ്പോളാണ് ബാർ മാഫിയ നികുതി പരസ്യമായി തന്നെ വെട്ടിക്കുന്നത്.

ടേൺ ഓവർ ടാക്സ് വെട്ടിക്കുവാനുള്ള നടപടിയാണിതെന്ന് വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട് .എന്നാൽ ചില ജീവനക്കാരുടെ നമ്പറിലൂടെ ഇവർ പണം സ്വീകരിക്കുകയും ചെയ്യുന്നുണ്ട് .കുടിക്കുന്നവർക്കു സംഘടനാ ഇല്ലാത്തതിനാൽ ആരും ചോദിയ്ക്കാൻ വരുകില്ലെന്നുള്ള ധാരണയിലാണ് ബാർ മുതലാളിമാരുടെ ഈ നടപടി .ഇതിനെതിരെ പ്രതികരിച്ചാൽ സമൂഹത്തിൽ മോശം പ്രതിച്ഛായ ഉണ്ടാവുമെന്നുള്ള വിശ്വാസവും പലരെയും പരാതിപ്പെടുന്നതിൽ വിമുഖരാക്കുന്നുമുണ്ട് .അധികാരികളുടെ ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .ഇതിനെതിരെ ധനകാര്യ വകുപ്പിൽ പരാതിപ്പെടാനും നീക്കമുണ്ട് .

