പാലാ:മാവോയിസ്റ്റ് മുക്ത ഭാരതമെന്ന സംഘ പരിവാറിൻ്റെ അജണ്ടക്ക് ശേഷം നരേന്ദ്രമോഡി സർക്കാരിൻ്റെ അടുത്ത അജണ്ടയാണ് കമ്മ്യൂണിസ്റ്റ് മുക്ത ഭാരതം എന്ന മുദ്രാവാക്യമെന്ന് സി.പി ഐ കേന്ദ്ര കമ്മിറ്റി മെമ്പർ പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.

സി.പി.ഐ പാലാ മണ്ഡലം സമ്മേളനം രാമപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രകാശ് ബാബു.

ചൈനാ ,ലാവോസ് ,തുടങ്ങി ശ്രീലങ്കയിലെ പുതിയ സർക്കാർ വരെ ഇടത് പക്ഷ താൽപ്പര്യങ്ങൾ ഉയർത്തി പിടിക്കുമ്പോൾ ,അമേരിക്ക ,ഫ്രാൻസ് ,ജർമ്മനി തുടങ്ങിയ രാജ്യങ്ങൾ കൂടുതൽ വലതുപക്ഷ നയങ്ങളിലേക്ക് പോകുകയാണ് ചെയ്യുന്നത്. ട്രമ്പും ഇയോൺ മാസ്കുമായുള്ള തർക്കമൊക്കെ വലതു ഭാഗത്ത് തർക്കങ്ങളുണ്ടെന്നുള്ളതിൻ്റെ സൂചനകളാണ്.
നെഹ്റു വിൻ്റെ സർക്കാരിനോട് വിയോജിപ്പുണ്ടായിരുന്നെങ്കിലും നമ്മൾ അവരുടെ സോഷ്യലിസ്റ്റ് നയങ്ങളെ പിന്തുണച്ചിരുന്നു. ശ്രീമതി ഇന്ദിരാഗാന്ധിയോടും നമ്മൾ അതെ പാതയിലാണ് കണ്ടിട്ടുള്ളത്.നരേന്ദ്ര മോഡി സർക്കാർ ഭരണഘടനാ മൂല്യങ്ങൾ വരെ ലംഘിക്കാനുള്ള പുറപ്പാടിലാണ്.ഉപരാഷ്ട്രപതി ജഗദീപ് ധൻ കർ ഭരണഘടനയെ തന്നെ ഇകഴ്ത്തി സംസാരിക്കുമ്പോഴും കേന്ദ്രം അതിനെ പിന്തുണയ്ക്കുന്ന നടപടി ഭരണഘടനാ ലംഘനമാണ്.
കേരളത്തിലാവട്ടെ ഗവർണ്ണർ ആ പദവിയിലിരുന്നു കൊണ്ട് ഭരണഘടനയിലെ ഫെഡറലിസത്തിന് തന്നെ കോട്ടം വരുത്തുന്ന പ്രവർത്തികളാണ് നടത്തി കൊണ്ടിരിക്കുന്നത്. ഭാരത മാതാവിൻ്റെ സാങ്കൽപിക ചിത്രത്തിൽ കുങ്കുമ പൊടി വാരി വിതറി കൊണ്ട് സംഘ പരിവാർ അജണ്ടയാണ് രാജ്ഭവനിൽ ഇരുന്ന് കൊണ്ട് ഗവർണർ നടത്തി കൊണ്ടിരിക്കുന്നത്.
കേരളത്തിലാണെങ്കിൽ പാർപ്പിടമില്ലാത്തവരില്ലാത്ത കേരളം എന്ന മുദ്രാവാക്യത്തിലൂടെ നമ്മൾ ലൈഫ് പദ്ധതി വിപുലമാക്കി കൊണ്ടിരിക്കുന്നു. അച്ചുതമേനോൻ സർക്കാർ തുടങ്ങി വച്ച ലക്ഷം വീട് പദ്ധതിയുടെ തുടർച്ചയാണിത്.നിലമ്പൂരിൽ പോലും എൽ.ഡി.എഫിൻ്റെ സ്ഥാനാർത്ഥി എം സ്വരാജ് വിജയിക്കുന്ന രീതിയിലേക്ക് രാഷ്ടീയ ചിത്രം മാറുമ്പോൾ വരുന്ന തദ്ദേശ തെരെഞ്ഞെടുപ്പിലേക്കായി സി.പി.ഐ യുടെ പ്രവർത്തകർ ശക്തമായി രംഗത്തിറങ്ങണമെന്നും പ്രകാശ് ബാബു ആഹ്വാനം ചെയ്തു.
ഇന്ന് വൈകുന്നേരം രാമപുരം ബസ് സ്റ്റാൻഡ് മൈതാനത്തെ കാനം രാജേന്ദ്രൻ നഗറിൽ ചേരുന്ന പൊതുസമ്മേളനത്തിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ പ്രസംഗിക്കും.

