Kerala

ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ഉന്തിലും തള്ളിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിന് മുന്നിലെ ഉന്തിലും തള്ളിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 10 ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്കായി ആര്‍സിബി കെയേഴ്‌സ് എന്ന പേരില്‍ സഹായ ഫണ്ട് രൂപവത്കരിക്കും. ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സിനെ ആറുറണ്‍സിന് തോല്‍പ്പിച്ച് 18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിരീടം ചൂടിയ ആര്‍സിബിയുടെ വിജയാഘോഷത്തിന്റെ മാറ്റുകുറയ്ക്കുന്നതായിരുന്നു ബുധനാഴ്ചത്തെ ദുരന്തം.

ആള്‍ക്കൂട്ടത്തെ കൈകാര്യം ചെയ്യുന്നതിലുള്ള പിഴവാണ് 11 പേരുടെ മരണത്തിന് ഇടയാക്കിയത്. 50 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പാസ് വച്ച് പരിപാടി നിയന്ത്രിച്ചെങ്കിലും വന്‍ജനക്കൂട്ടമാണ് വേദിക്ക് സമീപം എത്തിയത്. ദുരന്തം തങ്ങള്‍ക്ക് വലിയ മനോവേദന ഉണ്ടാക്കിയെന്ന് പറഞ്ഞ ആര്‍സിബി മാനേജ്‌മെന്റ് മരിച്ചവരോടുള്ള ആദരസൂചകമായി 11 കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയാണെന്ന് വ്യാഴാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.

പുറത്തുദുരന്തം നടന്നിട്ടും സ്‌റ്റേഡിയത്തിന് അകത്ത് വിജയാഘോഷം തുടര്‍ന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രസ്താവന മണിക്കൂറുകള്‍ക്ക് ശേഷം പുറത്തിറക്കുന്നതിന് മുമ്പ് ആരാധകര്‍ ടീമിനെ വരവേല്‍ക്കുന്ന വീഡിയോ ആര്‍സിബി പുറത്തുവിട്ടതും വിമര്‍ശനം ക്ഷണിച്ചുവരുത്തി. ‘ഇതാണ് ശുദ്ധമായ സ്‌നേഹത്തിന്റെ സ്വീകരണം’ എന്ന കുറിപ്പോടെയുള്ള വീഡിയോ വിമര്‍ശനത്തെ തുടര്‍ന്ന് പിന്നീട് പിന്‍വലിച്ചു. വിജയാഘോഷ പരേഡ് നടത്തുമെന്ന് ആദ്യം പ്രഖ്യാപിച്ച ആര്‍സിബി പിന്നീട് അത് പിന്‍വലിച്ചതും ആരാധകര്‍ക്ക് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്ന് കര്‍ണാടക സര്‍ക്കാരും പ്രഖ്യാപിച്ചു. ബംഗളൂരു അര്‍ബന്‍ ഡെപ്യൂട്ടി കമീഷണര്‍ നടത്തുന്ന മജസ്റ്റീരിയല്‍ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top