സംസ്ഥാന സർക്കാരിൻ്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നൽകിയത്. 60 ഉപാധികളോടെയാണ് അനുമതി നൽകിയിരിക്കുന്നതെന്നാണ് വിവരം. നിർമ്മാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

തുരങ്കപാതയുടെ നിര്‍മ്മാണത്തിന്റെ ഖനന സമയത്ത് ഉണ്ടാവാന്‍ സാധ്യതയുള്ള സ്‌ഫോടനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കാന്‍ സിഎസ്‌ഐആര്‍, സിഐഎംഎഫ്ആര്‍ എന്നിവ നല്‍കിയിട്ടുള്ള മുഴുവന്‍ നിര്‍ദേശങ്ങളും പാലിക്കണം, വൈബ്രേഷന്‍, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങള്‍ എന്നിവയിലെ നിര്‍ദേശങ്ങള്‍ പാലിക്കണം, ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ആറു മാസത്തില്‍ ഒരിക്കല്‍ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാല് ഗ്രൗണ്ട് വൈബ്രേഷന്‍ മോണിറ്ററിങ് സ്റ്റേഷനുകള്‍ നിര്‍മിക്കണം, നിര്‍മാണ ജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം,

പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാത ജൈവ വൈവിധ്യ സമ്പന്നമായതിനാല്‍ പക്ഷികളുടെയും വന്യമൃഗങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം, അപ്പന്‍കാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിര്‍ധിഷ്ട പദ്ധതി പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുന്നതിനാല്‍ സ്ഥിരമായ നിരീക്ഷണം, കലക്ടര്‍ ശുപാര്‍ശ ചെയ്യുന്ന നാലുപേര്‍ അടങ്ങുന്ന വിദഗ്ധസമിതി രൂപീകരിക്കണം, നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് മതിയായ സുരക്ഷ ഒരുക്കണം, ഇരുവഴിഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിര്‍മ്മാണം നടത്തണം അടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയത്.

