Kerala

വൈദ്യുതി പുനസ്ഥാപിക്കൽ: കെ.എസ്.ഇ.ബിക്ക് സഹായം നൽകാൻ അഗ്‌നിരക്ഷാസേനയ്ക്കും എൽ.എസ്.ജി.ഡി.ക്കും നിർദ്ദേശം

 

കോട്ടയം: മൺസൂൺ അടിയന്തര സാഹചര്യം പരിഗണിച്ച് വൈദ്യുതി ലൈനുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബിക്ക് ആവശ്യമായ അടിയന്തര സഹായം ചെയ്യുന്നതിന് നടപടി സ്വീകരിക്കാൻ അഗ്നിരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോട്ടയം ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ നിർദേശം നൽകി. പഞ്ചായത്തുതലങ്ങളിൽ ഇത്തരം അവസ്ഥ ഉണ്ടാവുകയാണെങ്കിൽ വൈദ്യുതി ലൈനിൽ വീണു കിടക്കുന്ന മരങ്ങളും മരച്ചില്ലകളും നീക്കുന്നതിന് പഞ്ചായത്തുതല ഏമർജൻസി റെസ്പോൺസ് ടീമുകളുടെ സഹായം കെ.എസ്.ഇ.ബി. ജീവനക്കാരുമായി ചേർന്ന് നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയും അതതു വാർഡ് മെമ്പർമാരും ശ്രദ്ധിക്കണമെന്നും ഇക്കാര്യത്തിൽ ദുരന്ത നിവാരണ നിയമപ്രകാരം പ്രവർത്തിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

രാത്രിയിൽ അപകടകരമായ രീതിയിൽ മരങ്ങൾ വൈദ്യുതി കമ്പികൾക്കുമേൽ വീണു കിടന്ന് വലിയ അപകടം ഉണ്ടാകുന്ന സാഹചര്യമുണ്ട്. ഇത് ഒഴിവാക്കാനായി മരങ്ങളും മറ്റും വെട്ടിമാറ്റാൻ ആവശ്യമായ വെളിച്ചം (ആസ്‌ക ലൈറ്റ്) ലഭ്യമാക്കാൻ അഗ്നിരക്ഷാ വകുപ്പിനെ ചുമതലപ്പെടുത്തി. കെ.എസ്.ഇ.ബി. ആവശ്യപെട്ടാൽ ഇത്തരം സഹായം നൽകാനും മരങ്ങൾ ലൈനിൽ നിന്നു നീക്കാനുള്ള സഹായം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു.

അതിശക്തമായ കാറ്റും മഴയും മൂലം ജില്ലയിൽ വൈദ്യുത കണക്ഷനുകൾ നിലച്ചു പോവുകയും പ്രായമേറിയവർ, രോഗികൾ, കുഞ്ഞുങ്ങൾ എന്നിവർക്ക് വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്തത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. കാറ്റിലും മഴയിലും വൈദ്യുതി ലൈനിൽ മരങ്ങൾ കടപുഴുകി വീണും ചില്ലകൾ ഒടിഞ്ഞു വീണും വൈദ്യുതി ബന്ധം തകരാറിലാവുന്നുണ്ട്. കെ.എസ്.ഇ.ബി. ജീവനക്കാർ അക്ഷീണം പ്രവർത്തിച്ചാലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ കാലതാമസമെടുക്കുന്ന പശ്ചാത്തലത്തിലാണ് അഗ്‌നിരക്ഷാസേനയ്ക്കും തദ്ദേശസ്വയംഭരണ വകുപ്പിനും സഹായത്തിന് നിർദ്ദേശം നൽകിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top