പാലാ :വൈദ്യുതി പ്രശ്നങ്ങൾ അടക്കം പരിഹരിക്കുവാനായി പാലാ എം എൽ എ മാണി സി കാപ്പൻ വിളിച്ചു ചേർത്ത ഉദ്യോഗസ്ഥന്മാരുടെയും ;പൊതു പ്രവർത്തകരുടെയും;സംഘടനകളുടെയും യോഗം പ്രഹസനമായി .സംഘടനകളും വ്യക്തികളും വൈദ്യുതി പ്രശ്നത്തിൽ പരാതികളുടെ പെരുമഴ തീർത്തപ്പോൾ മഴയിൽ കുളിച്ചു നിൽക്കുവാനല്ലാതെ പ്രശ്നം പരിഹരിക്കപ്പെടുവാൻ വ്യക്തമായ തീരുമാനമൊന്നും ഉണ്ടായില്ല .കെ എസ് ഇ ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പറയുന്നത് അംഗീകരിക്കുവാനല്ലാതെ എം എൽ എ യുടെ നിർദ്ദേശം അംഗീകരിപ്പിക്കുവാൻ എം എൽ എ യ്ക്ക് കഴിഞ്ഞിട്ടെല്ലെന്നത് അവിടെ വന്ന വിവിധ സംഘടനകളിൽ പെട്ടവർക്കും ,പൊതു പ്രവർത്തകർക്കും മനസിലായി.

പാലാ പത്താം വാർഡായ മൊണാസ്ട്രി വാർഡിൽ രണ്ടു ദിവസമായി ഇടവഴിക്കു മുകളിലെ വൈദ്യുത കേബിളിലേക്ക് മരം ഒടിഞ്ഞു ചാടി തൂങ്ങി കിടക്കുന്നു .ഇതൊന്നു മാറ്റി വൈദ്യുതി പുനഃസ്ഥാപിച്ചു കിട്ടുവാൻ മുൻ നഗരസഭാ ജീവനക്കാരനായ ബിജോയി മണർകാടിനു ഈ യോഗത്തിലേക്ക് വരേണ്ടി വന്നു .തൊട്ടടുത്ത ഒരു മരണം സംഭവിച്ചതിനാൽ നാട്ടുകാർ ജാഗ്രത പാലിച്ചതിനാലാണ് അപകടത്തിൽ പെടാതിരുന്നത് .ദിവസങ്ങളായി കെ എസ് ഇ ബി ജീവനക്കാരെ അറിയിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല .

ഈ പ്രശ്നം വൈകുന്നേരത്തിനുള്ളിൽ പരിഹരിക്കുമെന്ന് യോഗത്തിൽ എം എൽ എ ഉറപ്പു നൽകിയിട്ടും ഉറപ്പ് ചീറ്റി പോയി .രാത്രിയോടെ വന്നു മരം വെട്ടി മാറ്റി മരം ഇടവഴിയിൽ ഉപേക്ഷിച്ചിട്ട് ജീവനക്കാർ പോയി .ഇതുവരെ ആയിട്ടും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല .അപകടാവസ്ഥയിൽ ലൈനിലേക്ക് വീഴാറായി നിൽക്കുന്ന മരങ്ങൾ പറഞ്ഞാൽ മതി ഉടൻ വെട്ടിമാറ്റുമെന്നു എം എൽ എ പറഞ്ഞപ്പോൾ ;മുൻ നിരയിലിരുന്ന മുത്തോലി പഞ്ചായത്ത് പ്രസിഡണ്ട് രഞ്ജിത്ത് ജി മീനഭവൻ ചോദിച്ചു അപ്പോൾ വെട്ടുകൂലി ആര് കൊടുക്കും.അപ്പോൾ എം എൽ എ ചിരിച്ചു കൊണ്ട് പറഞ്ഞു അത് നിങ്ങൾ തന്നെ കണ്ടെത്തണം .ഇത് കേട്ടപ്പോൾ രഞ്ജിത്തടക്കം എല്ലാവരും കൂട്ടച്ചിരിയായി .ഉടൻ ബിജോയി മണർകാട് എഴുന്നേറ്റു ചോദിച്ചു അപ്പോൾ എന്റെ വീടിന്റെ ഭാഗത്ത് തൂങ്ങി നിൽക്കുന്ന മരമോ ..?ഉടൻ എം എൽ എ പറഞ്ഞു ഇന്ന് വൈകുന്നേരത്തിനുള്ളിൽ അത് പരിഹരിക്കും.പക്ഷെ രാത്രിയിൽ വന്നു മരം വെട്ടി മാറ്റിയതല്ലാതെ വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല .കേബിളുകൾ തലപ്പൊക്കത്തിൽ തൂങ്ങി കിടക്കുന്നതും മിച്ചം.
എം എൽ എ യോട് ആഭിമുഖ്യമുള്ള പൊതു പ്രവർത്തകർ വരെ യോഗ ശേഷം നിരാശരായാണ് മടങ്ങിയത് .പലരും പറഞ്ഞു ഇങ്ങനെ പോയാൽ ശരിയാവില്ല .ഇത് എം എൽ എ ക്ക് ദൂഷ്യം ചെയ്യും.സാമാന്യം വലിയ ഒരു ഹാളിൽ മൈക്ക് പോലുമില്ലായിരുന്നു എന്നുള്ളതും യോഗത്തിനു സംഘാടകർ എന്ത് മാത്രം പ്രാധാന്യം കല്പിക്കുന്നുണ്ടെന്നതും ചർച്ചയായിട്ടുണ്ട് .പൈകയിൽ വ്യാപാരികളോട് യുദ്ധ പ്രഖ്യാപനമാണ് കെ എസ് ഇ ബി ജീവനക്കാർ നടത്തുന്നതെന്ന് പൈകയിലെ വ്യാപാരികൾ പറഞ്ഞിട്ടും ഒരു തീരുമാനവും ഉണ്ടായിട്ടില്ല .ഇവിടെ കെ എസ് ഇ ബി യുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ഉപഭോക്താക്കളെ ഡിലീറ്റ് ചെയ്യുന്നുവെന്ന് പരാതിപ്പെട്ടിട്ടും കെ എസ ഇ ബി അധികൃതരും ;എം എൽ എ യും നിസ്സംഗത പാലിക്കുന്നതും ജനങ്ങൾ നേരിട്ട് കണ്ടു .പെരുമഴക്കാലത്തെ പരാതിപ്പെരുമഴയിൽ കുളിച്ചു നിൽക്കുകയാണ് അധികാരികളെല്ലാം.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

