
കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും സർക്കാർ ജീവനക്കാർ സ്റ്റേഷൻ വിട്ട് പോകരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. എ.ഡി.എം., ഡെപ്യൂട്ടി കളക്ടർമാർ, ആർ.ഡി.ഒ.മാർ, തഹസിൽദാർമാർ, റവന്യൂ ഡിവിഷൻ/കളക്ട്രേറ്റ് എന്നിവിടങ്ങളിലെ സീനിയർ സൂപ്രണ്ടുമാർ,

വില്ലേജ് ഓഫീസർ തുടങ്ങി എല്ലാ റവന്യൂ ഉദ്യോഗസ്ഥരും സ്റ്റേഷൻ വിട്ട് പോകാൻ പാടില്ല. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, നഗരസഭ-ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവരും സ്റ്റേഷൻ വിട്ട് പോകരുതെന്നും പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രാ നിരോധനം
കോട്ടയം: ജില്ലയിൽ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും മേയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.

