വഴിമധ്യേ കള്ളന്മാർ ആക്രമിച്ച് മൃത പ്രായനായ വഴിയാത്രക്കാരനെ ആരും തിരിഞ്ഞു നോക്കിയില്ല ; പലരും കണ്ടിട്ട് കാണാത്ത മട്ടിൽ പോയി .പക്ഷെ ബിസിനസ് ആവശ്യാർഥം ആ വഴിയേ പോയ സമരിയക്കാരൻ ആരോരുമില്ലാത്ത ആ മൃത പ്രായനെ താങ്ങിയെടുത്ത് അടുത്തുള്ള സത്രത്തിൽ കൊണ്ടാക്കി ശുശ്രുഷിച്ചു.തനിക്കു അത്യാവശ്യമായി പോവേണ്ടത് കൊണ്ട് ആ യാത്രക്കാരന്റെ ശുശ്രുഷയ്ക്ക് ആവശ്യമുള്ള പണം നൽകുകയും ;കൂടുതൽ പണം ചിലവാകുകയാണെങ്കിൽ തിരിച്ചു വരുമ്പോൾ നൽകാമെന്നും സത്രമുടമകളെ പറഞ്ഞേൽപ്പിക്കുകയും ചെയ്തു.ബൈബിളി യേശു ഉപമകൾ പറഞ്ഞപ്പോൾ പുരുഷാരത്തോടു പറഞ്ഞ ഒരു കഥയാണിതെങ്കിലും ആ സമരിയാക്കാരൻ ഇന്നും നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നുണ്ട്.കോട്ടയം ആശ്രയയിൽ.

കോട്ടയം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കഴിഞ്ഞ ഹൃദയ രോഗികൾക്കും ;കാൻസർ രോഗികൾക്കും ആശ്രയ നൽകുന്ന ആശ്രയം അനിതര സാധാരണമാണ് .ഓപ്പറേഷൻ കഴിയുമ്പോൾ മെഡിക്കൽ കോളേജ് അധികൃതർ പറയും ഒരു മാസം ഈ പരിസരത്തെവിടെലും മുറിയെടുത്ത് താമസിക്കണം .അണുബാധയേൽക്കരുത് ;ദിവസവും ചെക്കപ്പ് വേണം നിർധന രോഗികൾ ഈ വിധ ചിട്ടകൾ കേൾക്കുമ്പോൾ തന്നെ ദൈവമേ എന്ന് വിളിച്ചു പോവും .കാരണം ഉള്ള പണമെല്ലാം ശസ്ത്രക്രിയയ്ക്കു മുടക്കി .ഇനിയെങ്ങനെ പണമുണ്ടാക്കും.അവിടെയാണ് ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞയിടമായ ആശ്രയയെ കുറിച്ച് കേൾക്കുന്നത്.

അധികൃതരുമായി ബന്ധപ്പെടുമ്പോൾ തന്നെ തങ്ങൾക്കൊരു ആശ്രയമുണ്ടെന്നുള്ള ബോധ്യം വിളിച്ചവരിൽ ഉടലെടുക്കുന്നു .അഞ്ച് നിലകളിലായി ഏകദേശം 75 രോഗികളും 75 കൂട്ടിരുപ്പുകാരുമടക്കം 150 ഓളം പേർക്കാണ് ഇവിടെ സൗജന്യ താമസം ഒരുക്കിയിരിക്കുന്നത്. സൗജന്യ താമസത്തിനായി എ സി ചെയ്ത മുറികൾ വരെ നൽകുന്നുണ്ട് .ഭക്ഷണവും ഇവിടെ സൗജന്യമാണ് .വസ്ത്രവും ആവശ്യമുള്ളവർക്ക് ഇവിടെ ലഭിക്കും .മനസ് നൂറുങ്ങിയവർക്കു ആശ്വാസമായി ഇവിടെ കൗൺസിലിംഗും നടത്തുന്നുണ്ട്.കൂടാതെ മാസം 150 കിഡ്‌നി രോഗികൾക്ക് ഡയാലിസിസ് കിറ്റും നൽകുന്നുണ്ട് .അടുക്കളയിൽ കൂടി നടക്കുമ്പോൾ വൃത്തിയുടെ കാര്യത്തിൽ അങ്ങേയറ്റം സൂക്ഷ്മതയാണ് ആശ്രയയിൽ പുലർത്തി വരുന്നത് .
വൃത്തിയുള്ള റൂമുകളിൽ എല്ലാ ദിവസവും അണു വിമുക്തമാക്കും;ഫാൻ വരെ തുടച്ചാണ് ഉപയോഗിക്കുന്നത് .അണുബാധ എവിടുന്നെല്ലാം വരാമോ അതെല്ലാം ഇല്ലായ്മ ചെയ്തു കൊണ്ടുള്ള പ്രവർത്തനമാണ് ആശ്രയയുടെ അധികാരികൾ ഇവിടെ നടത്തി വരുന്നത് .ചില നേരത്ത് സഹായിക്കാനായി ചില സന്നദ്ധ പ്രവർത്തരൊക്കെ എത്താറുണ്ടെന്നും ആശ്രയയുടെ അധികാരികൾ കോട്ടയം മീഡിയയോട് പറഞ്ഞു .ഉച്ചയ്ക്ക് മെഡിക്കൽ കോളേജിലെ ആയിരത്തോളം രോഗികൾക്ക് ഭക്ഷണം എത്തിക്കുന്നതും ആശ്രയയിൽ നിന്നാണ് .
2007 ൽ ഒരു ചെറിയ വാടക വീട്ടിൽ ആരംഭിച്ച ആശ്രയ ഇന്ന് ദൈവ കൃപയാൽ വളർന്ന് ഇന്നത്തെ നിലയിലായത് . .ഇന്ന് ആശ്രയയുടെ മക്കൾക്ക് ഇരട്ടി സന്തോഷമാണ് കാരണം ആശ്രയയുടെ സ്ഥാപക സെക്രട്ടറിയായ ഫാദർ ജോൺ ഐപ്പിന് സെന്റ് ജോർജ് പള്ളി പൊൻപള്ളി നൽകുന്ന ഏറ്റവും മികച്ച ജീവ കാരുണ്യ പ്രവർത്തകനുള്ള മാർ ഗ്രിഗോറിയൻ അവാർഡ് ലഭിച്ചതിന്റെ നിറവിലാണ് ആശ്രയ മക്കളെല്ലാം .സർവ ശക്തൻ ഞങ്ങളെ ഇവിടെ വരെ കൊണ്ടുവന്നു എത്തിച്ചു.ഇനിയും ഈശ്വരൻ വഴി നടത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ആശ്രയയുടെ മക്കളെല്ലാം .
നടത്തിപ്പ് കാരായ അധികാരികൾ ദിവസവും രോഗികളുടെ സമീപമെത്തി കുശലം ചോദിക്കും അത് തന്നെ രോഗികൾക്ക് മധുര ലേപനമാണ് .ജീവിത ദുരിതങ്ങളോട് പോരാടുന്നവർക്കു താങ്ങും തണലുമാവുകയാണ് കോട്ടയം ആശ്രയ.ആശ്രയ വിടുന്നവരെല്ലാം ഒരേ സ്വരത്തിൽ കണ്ണീരോടെ പറയുന്നത് നല്ല സമരിയക്കാരനെ കാണണമെങ്കിൽ ആശ്രയയിൽ ചെല്ലണം എന്നാണ്. അത് കേൾക്കുമ്പോൾ ആശ്രയയിലെ മക്കളും കൃതാർത്ഥരാവുകയാണ്. ഫോൺ നമ്പർ :9400280965
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

