പാലാ :ജോസുകുട്ടി പൂവേലിൽ കേരള സർക്കാർ ജലനിധി സംസ്ഥാന ഭരണസമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.വാർത്ത കേട്ട ശുദ്ധഗതിക്കാരായ കേരളാ കോൺഗ്രസ് പ്രവർത്തകർക്കൊക്കെ അർഹതയ്ക്കു കിട്ടിയ അംഗീകാരം എന്നെ പറഞ്ഞുള്ളൂ.പക്ഷെ 5 വർഷ കാലാവധിയുള്ളതിൽ അവസാനത്തെ ഒരു വർഷമാണ് ഈ അംഗീകാരം ലഭിച്ചതെന്നതും പ്രസക്തമാണ് .

മുൻസിപ്പൽ തെരെഞ്ഞെടുപ്പിനു ഇനി ആറ് മാസമേയുള്ളൂ.കേളി കൊട്ട് തുടങ്ങി കഴിഞ്ഞു.മുന്നണികളിൽ മത്സരിക്കുന്നവരും സീറ്റിനായി പിടിക്കുന്നവരും കല്യാണ .മരണ വീടുകളൊക്കെ കയറിയിറങ്ങാനും തുടങ്ങിയിട്ടുണ്ട്.പക്ഷെ ജോസുകുട്ടി പൂവേലിയെന്ന രാഷ്ട്രീയക്കാരന് അങ്ങനെയൊരു ആവശ്യമില്ല അദ്ദേഹം സദാ സമയവും കല്യാണ ,മരണ വീടുകളിലൊക്കെയുണ്ട്.കഴിഞ്ഞ ദിവസം ഗാഢ ലൂപ്പെ പള്ളിയിലെ ഇടവക ദിനാഘോഷത്തിന് ഉദ്‌ഘാടനത്തിനായി ജോസ് കെ മാണി എംപി വന്നപ്പോൾ സ്വീകരിക്കാൻ ആദ്യമെത്തിയത് ജോസുകുട്ടി പൂവേലി ആയിരുന്നു.

അമലോത്ഭവ ജൂബിലി തിരുന്നാളിന്റെ കൊടിയേറ്റ് ;ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ തിരുന്നാൾ കൊടിയേറ്റ് ;പ്രവിത്താനം പള്ളിയിലെ കൊടിയേറ്റ് ;രാക്കുളി തിരുന്നാളിലെ മലയുന്ത് തുടങ്ങിയ തിരുന്നാളാഘോഷങ്ങളിൽ പൂവേലിയെ കാണാം അതൊരു ജീവിതചര്യയാണ്.ആരെയും കാണിക്കാനല്ല ഈ അനുഷ്ട്ടാനങ്ങൾ.മരിയ ഭക്തി രക്തത്തിൽ അലിഞ്ഞു ചേർന്ന ജോസുകുട്ടിക്ക് അങ്ങനെയാകാനെ കഴിയൂ.പക്ഷെ കേരളാ കോൺഗ്രസിൽ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ എന്നെന്നും തഴയപ്പെട്ട ചരിത്രമാണ് അദ്ദേഹത്തിന്റേത്.
കേരളാ കോൺഗ്രസിൽ ഒരിക്കൽ സ്ഥാനങ്ങൾ ലഭിച്ചാൽ അവർ മരിച്ചാൽ മാത്രമേ വേറൊരാൾക്ക് ആ സ്ഥാനം ലഭിക്കൂ.അതുകൊണ്ടു തന്നെ ഒരിക്കലും ജോസുകുട്ടിമാർക്കു തെരെഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങൾ ലഭിക്കുകയുമില്ല.അവസാനം വരെ ഇടിച്ചു നിന്നാലും അവസാനം പാർട്ടി തീരുമാനങ്ങൾക്കു വഴങ്ങുകയാണ് പതിവ് .പണ്ട് നാരദൻ ശിവനും പാർവതിക്കും ഒരു ആപ്പിൾ സമ്മാനമായി നൽകി.മക്കളായ മുരുകനും ,ഗണപതിയും ആ ആപ്പിൾ തങ്ങൾക്കു വേണമെന്ന് ശഠിച്ചു.ലോകം മൂന്നു തവണ ചുറ്റി വരുന്നവർക്ക് ഈ ആപ്പിൾ നൽകുമെന്ന് ശിവൻ പറഞ്ഞപ്പോൾ മുരുകൻ തന്റെ വാഹനമായ മയിലിന്റെ പുറത്ത് കയറി ലോക സഞ്ചാരം ആരംഭിച്ചു .എന്നാൽ ബുദ്ധിമാനായ ഗണപതി തന്റെ ലോകം തന്റെ മാതാപിതാക്കളാണെന്നു പറഞ്ഞു കൊണ്ട് മൂന്നു തവണ അച്ഛനെയും അമ്മയെയും വലം വച്ച് ആപ്പിൾ കരസ്ഥമാക്കി ഭക്ഷിച്ചു.
ലോകം ചുറ്റി വന്ന മുരുകൻ കണ്ടത് ഭക്ഷണം കഴിഞ്ഞ് വിശ്രമിക്കുന്ന ഗണപതിയെയാണ്.മുരുകൻ ദേഷ്യപ്പെട്ട് പളനി മലയ്ക്ക് പോയെങ്കിലും ജോസുകുട്ടി പൂവേലി പിന്നെയും പാർട്ടിയിൽ തുടരുകയാണ് ചെയ്തത് .പാലാ നഗരസഭയിൽ ഒന്നും മിണ്ടാത്ത അംഗങ്ങൾ ഉള്ളപ്പോൾ വല്ലതും മിണ്ടുന്നവരെ പരിഗണിക്കുക പോലുമില്ലെന്നുള്ളതാണ് പാലായിലെ ഇപ്പോഴത്തെ അവസ്ഥ .ഒരാൾക്ക് തന്നെ പല ബാങ്ക് ഡയറക്ടർ ബോർഡും ;പ്രസിഡണ്ട് സ്ഥാനവും ഒക്കെ ലഭിക്കുമ്പോൾ അങ്ങനെയൊരു സ്ഥാനത്തിനായി ആരും ജോസുകുട്ടിയെ പരിഗണിച്ചിട്ട് പോലുമില്ല .മത്സരിച്ചവർ തന്നെ വീണ്ടും വീണ്ടും മത്സരിക്കുന്ന ഈക്കാലത്ത് പൂവേലി ജോസുകുട്ടി പാർട്ടിയെ വളർത്തുന്ന പോഷക സംഘടനയായ കെ ടി യു സി യുടെ അമരക്കാരനാണ് .
അത് തന്നെ ഭാരിച്ച ഈ ചുമട് ചുമക്കാൻ ആളില്ലാത്തതിനാലാണ് .സാമ്പത്തീകമായി പിന്നോക്കം നിൽക്കുന്ന തൊഴിലാളിയെ സംഘടിപ്പിക്കുവാൻ കേരളാ കോൺഗ്രസിലെ വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് വിമുഖതയുള്ളതിനാലാണ് ഇന്നും ജോസുകുട്ടി ചോദ്യം ചെയ്യപ്പെടാതെ നിൽക്കുന്നത് തന്നെ .200 ഓളം യൂണിയനുകളുടെ പ്രസിഡണ്ട് സ്ഥാനത്തിരിക്കാനും ;കമ്മിറ്റി വിളിക്കാനും കേരളാ കോൺഗ്രസിൽ ആർക്കും സമയമില്ല .എല്ലാവരും ഗണപതിയുടെ റോൾ എടുക്കുമ്പോൾ മുരുകൻമാർ എന്നും പടിക്കു പുറത്ത് തന്നെ .കുടിവെള്ളം കിട്ടിയെങ്കിലും ,കുടിവെള്ളം നഗരസഭയുടെ കസേരയിലിരുന്നു കുടിക്കുവാനുള്ള ഭാഗ്യം ജോസുകുട്ടിക്കു ലഭിക്കുമോ..? കാത്തിരുന്ന് കാണാം.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

