
കടനാട് :കടനാട് സെൻറ് അഗസ്റ്റിൻ ഫൊറോന പള്ളിയിലെ വിശ്വാസോത്സവത്തിന്റെ ഭാഗമായി കുട്ടികളെ പങ്കെടുപ്പിച്ച് കൃഷിയുടെ ആദ്യപാഠങ്ങൾ പകർന്നു നൽകി വികാരിയച്ചൻ ഫാദർ ജോസഫ് പാനാംപുഴ. കാർഷിക സംസ്കാരത്തിന് ഏറെ വേരോട്ടമുള്ള കടനാട്ടിലെ കുഞ്ഞുങ്ങളെയും കൂട്ടി വികാരിയച്ചൻ പള്ളിയുടെ ഫലഭൂയിഷ്ടമായ സ്ഥലങ്ങളിൽ ചേമ്പ് ,ചേന, മുരിങ്ങ തുടങ്ങിയ വിളകൾ കൃഷി ചെയ്തപ്പോൾ കുട്ടികൾക്കൊപ്പം മാതാപിതാക്കൾക്കും അതൊരു പുതിയ അനുഭവമായി .വിത്ത് നടുന്നതിന് കുഴിയെടുക്കേണ്ട രീതി മുതൽ തൂമ്പ പിടിക്കേണ്ടത് എങ്ങനെയെന്നും വിത്ത് നടുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഏത് ദിശയിലേക്ക് തിരിച്ചു വെച്ചാൽ കൂടുതൽ വിളവ് ലഭിക്കും എന്നും ഒക്കെയുള്ള കാർഷിക പാഠങ്ങളാണ് അച്ചൻ കുഞ്ഞുങ്ങൾക്ക് പകർന്നു നൽകിയത് .
അതോടൊപ്പം ഓരോ ചെടികളുടെയും ഔഷധ മൂല്യത്തേക്കുറിച്ചും കുട്ടികൾക്ക് ബോധവൾക്കരണം നൽകി. ഏദൻ തോട്ടത്തിൽ ദൈവം സൃഷ്ടിച്ച കായ്കനികൾ പോലെ ഫലസമൃദ്ധമാവണം നമ്മുടെ പള്ളിയും ചുറ്റുവട്ടമുള്ള കൃഷിയിടങ്ങളും എന്ന് അച്ഛൻ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിച്ചു. ഒന്ന്,രണ്ട്,മൂന്ന് ക്ലാസ്സുകളിലെ കുഞ്ഞുങ്ങൾക്ക് പള്ളിക്ക് ചുറ്റുമുള്ള ചെടികളുടെയും വൃക്ഷങ്ങളുടെയും പേരുകൾ പഠിപ്പിച്ചു നൽകുകയും ചെയ്തു. അന്യം നിന്ന് പോകുന്ന കാർഷിക മേഖലയിലേക്ക് കുട്ടികളെ ചേർത്ത് കൊണ്ടുവരുന്നതിനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് സൺഡേ സ്‌കൂളിൽ കാർഷിക പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകുന്നതെന്ന് അച്ചൻ പറഞ്ഞു.

