ഭരണങ്ങാനം: വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ ഇന്ന് (മാർച്ച് 14 വെള്ളിയാഴ്ച) രോഗീദിനമായി ആചരിക്കുന്നു. എല്ലാ മാസവും ഒരു ദിവസം രോഗികൾക്ക് വേണ്ടി പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിവരുന്നു. വേദനകളെ വിശുദ്ധിയിലേക്കുള്ള വഴികളാക്കി മാറ്റാമെന്ന് സ്വജീവിതംകൊണ്ട് കാണിച്ചുതന്ന വി. അൽഫോൻസാമ്മയുടെ മാദ്ധ്യസ്ഥം തേടിയുള്ള പ്രാർഥനാശുശ്രൂഷയാണ് നടത്തപ്പെടുന്നത്.

ഇന്ന് രാവിലെ 9 .30ന് ആരംഭിക്കുന്ന രോഗീദിന പ്രാർത്ഥനാശുശ്രൂഷകൾ ഉച്ചക്ക് 12. 30ന് വിശുദ്ധ കുർബാനയോടെ അവസാനിക്കും. രോഗികൾക്ക് കുമ്പസാരിക്കുന്നതിന് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. ദിവ്യകാരുണ്യ ആരാധനയും വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേനയും ജപമാലയും കൈവയ്പ്പ് പ്രാർത്ഥനയും കൊന്ത നമസ്കാരവും നടത്തപ്പെടുന്നതാണ്. ഏവർക്കും പ്രത്യേകിച്ച് വാർദ്ധക്യത്തിലെത്തിയവർക്കും രോഗികളായി കഴിയുന്നവർക്കും രോഗവിമുക്തി പ്രാപിച്ചവർക്കും അവരുടെ ബന്ധുക്കൾക്കും ഈ പ്രാർത്ഥന ശുശ്രൂഷയിൽ പങ്കെടുക്കാവുന്നതാണ്. രോഗീദിന ശുശ്രൂഷകൾ റവ. ഫാ. തോമസ് ഓലായത്തിൽ നയിക്കും.
കൂടാതെ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളി വരെ ദിവസങ്ങളിൽ 7 മണിക്ക് ദിവ്യകാരുണ്യ ആരാധനയും കുരിശിന്റെ വഴിയും റംശാ പ്രാർഥനയും ഉണ്ടായിരിക്കും. തീർഥാടന കേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തിലായിരിക്കും റംശാ പ്രാർഥന. വി. അൽഫോൻസാ തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഫാ. അഗസ്റ്റിൻ പാലയ്ക്കാപറമ്പിൽ നേതൃത്വം നൽകും.

