Kottayam

വികസന ആവശ്യങ്ങൾ എണ്ണി പറഞ്ഞ് മാണി സി. കാപ്പൻ നിയമസഭയിൽ

പാലാ:- ബഡ്ജറ്റിൽ വർദ്ധിപ്പിച്ച ഭൂനികുതി കർഷകരെ ദോഷകരമായി ബാധിക്കുന്നതിനാൽ അടിയന്തരമായി പിൻവലിക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ. എ ആവശ്യപ്പെട്ടു. ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച മാണി സി. കാപ്പൻ പാലായോടുള്ള അവഗണനകൾ ഓരോന്നായി പറഞ്ഞ് നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായിട്ടുള്ള പദ്ധതികൾ ലഭിച്ച നാല് മിനിട്ടുകൊണ്ട് അവതരിപ്പിച്ച് കൈയടി നേടി. നാലമ്പലങ്ങൾ, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന രാമപുരം, ശബരിമല ഇടത്താവളമായ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം , ഇടപ്പാടി ക്ഷേത്രം , ഇളങ്ങുളം ക്ഷേത്രം , ഇന്ത്യയിലെ ആദ്യ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം സ്ഥിതി ചെയ്യുന്ന ഭരണങ്ങാനം, ധന്യൻ കദളിക്കാട്ടിൽ മത്തായിച്ചന്റെ ശവകുടീരമുള്ള മുനിസിപ്പാലിറ്റി ഉൾപ്പെടുന്ന പാലായെ പിൽഗ്രിം ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിക്കണം’ .

പ്രകൃതി മനോഹാരിത കൊണ്ടും നല്ല കാലാവസ്ഥകൊണ്ടും അനുഗൃഹീതമായ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ എന്നി സ്ഥലങ്ങളെ ഇന്ത്യൻ ടൂറിസം മാപ്പിൽ ചേർക്കണമെന്ന് മന്ത്രി സുരേഷ് ഗോപി , ഫ്രാൻസിസ് ജോർജ് എം.പി. മോൻസ് ജോസഫ് എന്നിവരോടൊപ്പം കേന്ദ്ര ടൂറിസം മന്ത്രിയെ കണ്ടാവശ്യപ്പെട്ടെന്നും സംസ്ഥാന ടൂറിസംവകുപ്പ് മന്ത്രി രേഖാമൂലം ആവശ്യപ്പെട്ടാൽ സാധിക്കുമെന്നും എം.എൽ. എ പറഞ്ഞു. താൻ എം.എൽ.എആയിട്ട് അഞ്ചര വർഷമാകുന്നു. 13 വർഷങ്ങൾക്കു മുമ്പ് അപ്രോച്ച് റോഡില്ലാതെ പണിത കളരിയാമാക്കൽ പാലം ഇന്നും നാല് തൂണിൽ നിൽക്കുന്നു. താൻ എൽ.ഡി.എഫിൽ ആയിരുന്നപ്പോൾ 13 കോടി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. സ്ഥലം നൽകാമെന്ന് സമ്മതിച്ച വ്യക്തി വിസമ്മതിച്ചപ്പോൾ മറ്റൊരാൾ തയ്യാറായി . അപ്പോൾ അലൈൻമെന്റ് മാറ്റരുതെന്ന് പൊതു മരാമത്ത് മന്ത്രിക്ക് അശരീരി ലഭിച്ചെന്നും അത് പൂർത്തിയാക്കാതിരിക്കാൻ ചിലർ ബോധപൂർവ്വം ശ്രമിക്കുന്നുവെന്നും എം.എൽ.എ നിയമസഭയിൽ പരാതിപ്പെട്ടു.

ഇനിയും പൂർത്തിയാകാതെ കിടക്കുന്ന ബൈപാസ് റോഡും റിങ്ങ് റോഡും എത്രയും വേഗം പൂർത്തീകരിക്കണമെന്നും പ്രകൃതിക്ഷോഭത്തിൽ തകർന്ന കടവുപുഴ പാലം ,ബഡ്ജറ്റിൽ അനുവദിച്ചിരിക്കുന്ന ചില്ലച്ചി പാലത്തിന്റെ പണം ഉപയോഗിച്ച് പുനർ നിർമ്മിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.. ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലേക്കുള്ള അന്തീനാട് – മേലുകാവ് റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്തെങ്കിലും 11 വർഷമായി ലേ ഓവർ നടത്തിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു. നഗരവൽക്കരണത്തിന് ബഡ്ജറ്റിൽ പദ്ധതികളുണ്ടെങ്കിലും സാധാരണക്കാർ അധിവസിക്കുന്ന ഗ്രാമീണ മേഖലയിൽ അടിസ്ഥാനസൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്നും സാധാരണക്കാരെ ദ്രോഹിക്കുന്ന നികുതി ഒഴിവാക്കി ഇതര വരുമാന മാർഗ്ഗങ്ങൾ കണ്ടെത്തി സംസ്ഥാനത്തിന്റെ സമഗ്ര വികസനം സാദ്ധ്യമാക്കണമെന്നും മാണി സി. കാപ്പൻ എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top