Politics

ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേർന്നു

കോഴിക്കോട് :ചേവായൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സിപിഎമ്മില്‍ ചേർന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ നേതൃത്വത്തിലാണ് ചേവായൂര്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരെ സ്വീകരിച്ചത്. അതേസമയം കോണ്‍ഗ്രസ് വിമതരായി മത്സരിച്ച് ജയിച്ച ഏഴു ബാങ്ക് ഡയറക്ടര്‍മാരില്‍ രണ്ടു പേരെ മാത്രമാണ് സിപിഎമ്മില്‍ എത്തിക്കാനായത്.

നേതൃത്വവുമായി ഉടക്കി പാര്‍ട്ടി വിട്ടവരും സിപിഎമ്മും ഒന്നിച്ചപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായതാണ് ചേവായൂര്‍ സഹകരണ ബാങ്ക് ഭരണം. കോണ്‍ഗ്രസ് നേതാവായിരുന്ന ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തിലുള്ളവരെ സ്വീകരിക്കാന്‍ വമ്പന്‍ സമ്മേളനവും സിപിഎം കോട്ടൂളിയില്‍ ഒരുക്കി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചവര്‍ രൂപീകരിച്ച ചേവായൂര്‍ ബാങ്ക് സംരക്ഷണ സമിതിയുടെ ഏഴുപേരാണ് കഴിഞ്ഞ നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബാങ്ക് ഡയറക്ടര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസ് നേതാവായിരുന്ന ബാങ്ക് ചെയര്‍മാന്‍ ജി സി പ്രശാന്ത് കുമാറിന്‍റെ നേതൃത്വത്തില്‍ ബാങ്ക്സംരക്ഷണ സമിതിയെ സിപിഎമ്മില്‍ എത്തിക്കാനായിരുന്നു പിന്നീട് നീക്കം. പക്ഷേ സിപിഎമ്മില്‍ ചേര്‍ന്നത് രണ്ട് ഡയറക്ടര്‍മാര് മാത്രം. മറ്റുള്ളവര്‍ ഇനി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വം ഉറ്റു നോക്കുന്നത്. പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്നവര്‍ സിപിഎമ്മില്‍ ചേരുന്നത് തടയാന്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ഇടപെട്ടിരുന്നു. ബാങ്കില്‍ പുതിയതായി ജോലി കിട്ടിയ ആളുകളെയുള്‍പ്പെടെ ഭീഷണിപ്പെടുത്തിയാണ് സിപിഎമ്മില്‍ എത്തിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top