Kerala

മഹാകുംഭം നടക്കുന്ന പ്രയാ​ഗ്‍രാജിലെ ​ഗം​ഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: മഹാകുംഭം നടക്കുന്ന പ്രയാ​ഗ്‍രാജിലെ ​ഗം​ഗയിലെയും യമുനയിലെയും വെള്ളം കുളിയ്ക്കാൻ യോ​ഗ്യമല്ലെന്നും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം അമിതമാണെന്നുമുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് തള്ളി യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മനുഷ്യ-മൃ​ഗ വിസർജ്യത്തിൽനിന്നാണ് പ്രധാനമായി വെള്ളത്തിൽ കോളിഫോം ബാക്ടീരിയ ഉണ്ടാകുന്നത്.

മതപരമായ സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ  ഭാ​ഗമാണ് പ്രചാരണമെന്ന് യോ​ഗി ആരോപിച്ചു. സംഗം വെള്ളം വിശുദ്ധ സ്നാനത്തിന് തികച്ചും അനുയോജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുളിക്കുന്നതിന് മാത്രമല്ല, ആചാരത്തിന്റെ ഭാ​ഗമായി കുടിയ്ക്കാനും (ആച്മൻ) വെള്ളം യോ​ഗ്യമാണെന്നും ആദിത്യനാഥ് നിയമസഭയിൽ പറഞ്ഞു.

മലിനജലം, മൃഗങ്ങളുടെ അവശിഷ്ടം എന്നിങ്ങനെ പല കാരണങ്ങളാൽ ഇ കോണ ബാക്ടീരിയ വർധിക്കും. എന്നാൽ പ്രയാഗ്‌രാജിലെ ഫെക്കൽ കോളിഫോമിൻ്റെ അളവ് 100 മില്ലിയിൽ 2,500 എംപിഎന്നിൽ താഴെയാണ്. മഹാകുംഭത്തെ അപകീർത്തിപ്പെടുത്താൻ മാത്രമാണ് വ്യാജ പ്രചാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരിപാടി ഏതെങ്കിലും പാർട്ടിയോ സർക്കാരോ സംഘടിപ്പിച്ചതല്ല. ഇത് സമൂഹത്തിൻ്റേതാണ്.

ഞങ്ങൾ സഹായികൾ മാത്രമാണ്. ഉത്സവത്തിന് ഏഴ് ദിവസം ശേഷിക്കുന്നു. ഇന്ന് ഉച്ചവരെ 56.26 കോടി ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം നടത്തി. ഈ നൂറ്റാണ്ടിലെ മഹാനായ കുംഭവുമായി സഹകരിക്കാൻ ഞങ്ങളുടെ സർക്കാരിന് അവസരം ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണെന്നും അദ്ദേ​ഹം പറഞ്ഞു.

ത്രിവേണിയിൽ വെള്ളത്തിൻ്റെ ഗുണനിലവാരത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. സംഗമത്തിലും പരിസരത്തുമുള്ള എല്ലാ പൈപ്പുകളും ഡ്രെയിനുകളും ടേപ്പ് ചെയ്ത് ശുദ്ധീകരിച്ചതിന് ശേഷം മാത്രമാണ് വെള്ളം തുറന്നുവിടുന്നത്. യുപി മലിനീകരണ നിയന്ത്രണ ബോർഡ് ജലത്തിൻ്റെ ഗുണനിലവാരം നിലനിർത്താൻ തുടർച്ചയായി നിരീക്ഷിച്ചുവരികയാണ്. ഇന്നത്തെ റിപ്പോർട്ടുകൾ പ്രകാരം സംഗമത്തിന് സമീപത്തെ ബിഒഡിയുടെ അളവ് 3-ൽ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top