പാലാ :ഇന്ന് പാലാ എം എൽ എ മാണി സി കാപ്പന്റെ വസതിയിൽ ചേർന്ന യോഗത്തിൽ യു ഡി എഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർഥി ആനി ബിജോയിയാണെന്ന് പ്രഖ്യാപിച്ചപ്പോൾ അത് അർഹതയ്ക്കുള്ള അംഗീകാരമാണെന്ന് പറയാതെ തന്നെ പറഞ്ഞു എല്ലാവരും .കൗൺസിൽ ഹാളിലെ ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്ന ആനി ബിജോയി കാര്യമാത്ര പ്രസക്തമായേ സംസാരിക്കാറുള്ളൂ.

എല്ലാകാര്യങ്ങളിലും സ്വന്തമായ അഭിപ്രായമുള്ള ഇവർ പാലായിലെ പൊതു ചടങ്ങുകളിൽ സജീവ സാന്നിധ്യമാണ് .അതിപ്പോൾ ഈരാറ്റുപേട്ടയാണെന്നോ ഒന്നും നോട്ടമില്ല .അരുവിത്തുറ പള്ളിയിലെ എല്ലാ ചടങ്ങുകൾക്കും മുന്നിൽ തന്നെയുണ്ട് ആയമ്മ .ഇപ്പോൾ വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഇരുവരും അടുത്ത ചെയർപേഴ്‌സൺ സ്ഥാനാര്ഥിയുമാണെന്നതാണ് രസകരം .രണ്ടു പേരുടെയും ഭർത്താക്കന്മാരുടെ പേരിലുമുണ്ട് സാദൃശ്യം.രണ്ടു പേരും മിതഭാഷികളാണ് .
12 നു 11.30 നാണു തെരെഞ്ഞെടുപ്പ് .അട്ടിമറികൾ നടക്കുമെന്ന് പ്രതിപക്ഷവും ;അട്ടിമറികളില്ലെന്ന് ഭരണപക്ഷമായ എൽ ഡി എഫും പറയുന്നു .എന്നിരുന്നാലും ഇപ്പോൾ തുരുത്തന്റെ കോർട്ടിലാണ് പന്ത്.പതിനൊന്നാം തീയതി വൈകുന്നേരം നിലപാട് വ്യക്തമാക്കണമെന്നാണ് കേരളാ കോൺഗ്രസ് തുരുത്തനോട് പറഞ്ഞിരിക്കുന്നതെങ്കിലും;തുരുത്തൻ അങ്ങോട്ട് വഴങ്ങുന്നില്ല.വഴങ്ങാതെ എവിടെ പോകാൻ എന്ന് കേരളാ കോൺഗ്രസും ചോദിക്കുമ്പോൾ പണ്ട് മാണിസാർ പറഞ്ഞു സുന്ദരിയായ ഒരു യുവതിയെ കണ്ടാൽ ആരും ഇഷ്ടപ്പെടും ,കേരളാ കോൺഗ്രസ് ഇപ്പോൾ സുന്ദരിയായ യുവതിയാണ് .തുരുത്തനും ഇപ്പോൾ പറയുന്നത് അതാണ് .ഞാനും മാണി സാർ പറഞ്ഞപോലെ തന്നെ .ആർക്കും സ്വീകരിക്കാം.
മുൻപ് കൗൺസിൽ യോഗത്തിൽ;അതായതു ജോസിൻ ബിനോ ചെയർപേഴ്‌സൺ ആയിരുന്നപ്പോൾ തുരുത്തനും ജിമ്മിജോസഫും തമ്മിൽ വാക്കേറ്റമുണ്ടായി ജിമ്മി അലറി വിളിച്ചു തുരുത്താ കളി എന്നോട് വേണ്ടാ… കാണാം കേട്ടോ ..ഉടനെ തുരുത്തനും മറുപടി കൊടുത്തു നീയൊരു ചുക്കും എന്നെ ചെയ്യില്ല.പക്ഷെ ഇതും പറഞ്ഞു കൊണ്ട് ഓടിച്ചെന്നത് മായ രാഹുലിന്റെ അടുത്തേക്കാണ്.ബാലൻ കെ നായരുടെ അടുത്ത് നിന്ന് ഉണ്ണിമേരി ഓടിച്ചെന്നത് ജോസ് പ്രകാശിന്റെ വീട്ടിലേക്കെന്ന് പറഞ്ഞപോലെ. ദേഷ്യം കൊണ്ട് വിറയ്ക്കുന്ന ശരീരവും .ചുവന്ന കണ്ണുകളുമായി നിന്ന മായാ രാഹുലിന്റെ അടുത്തേക്ക് തുരുത്തൻ ചെന്ന് ദേഷ്യപ്പെട്ടപ്പോൾ മായാ രാഹുലിന്റെ മറുപടി കേട്ട് തുരുത്തന്റെ വായിലിരുന്ന പഴം പൊരി പോലും ഇറങ്ങിയോടിയെന്നാണ് മുൻസിപ്പൽ ജീവനക്കാർ പറഞ്ഞത് .
അതിനു ശേഷം മീനച്ചിലാറ്റിലൂടെ ധാരാളം വെള്ളം ഒഴുകി പോയി.അതിലെ പഴംപൊരിയും പോയി . .ഇപ്പോൾ തുരുത്തനും ജിമ്മി ജോസഫും ഒരു പത്രത്തിലാണ് ഊണ് ;ഒരു പായയിലാണ് കിടപ്പ് എന്നാണ് അകത്തള വാർത്തകൾ .പന്ത്രണ്ടാം തീയതി വരെ ഇവർ തമ്മിലുള്ള സ്നേഹം നിലനിൽക്കുമോ എന്നാണ് ഇനി അറിയാനുള്ളത് .പല സിംഹങ്ങൾ ഉള്ള കാട്ടിലേക്ക് പോയാൽ ജെ സി ബി യുടെ അടിയിൽ പോയ ഓട്ടോയുടെ അനുഭവമായിരിക്കും തുരുത്തന് വരാൻ പോകുന്നതെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ടെങ്കിലും.തെരെഞ്ഞെടുപ്പ് അടുക്കുമ്പോൾ തുരുത്തന് ഒരു വിറ ഉള്ളതാ .ആ വിറയൽ മാറണമെങ്കിൽ നോമിനേഷൻ കൊടുക്കണം എന്നാലെ തുരുത്തന്റെ വിറ മാറുകയുള്ളൂ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

