കോട്ടയം :നീലൂർ :മൊബൈൽ റൂറൽ മാർട്ട് പദ്ധതിയുടെ ഭാഗമായി നബാർഡ് സബ്സിഡിയോടെ നീലൂർ പ്രൊഡ്യൂസർ കമ്പനിയ്ക്ക് ലഭ്യമാകുന്ന പിക് അപ് വാനിൻ്റെ ഫ്ലാഗ് ഓഫ് കർമ്മവും കമ്പനി ആരംഭിക്കുന്ന പുതിയ പ്രൊഡക്ഷൻ യൂണിറ്റിൻ്റെ ഉത്ഘാടനവും നാളെ (08/02/2025 ശനി) ഉച്ചയ്ക്ക് 12 മണിയ്ക്ക് നബാർഡ് ജില്ലാ മാനേജർ റെജി വർഗ്ഗീസിൻ്റെ സാന്നിധ്യത്തിൽ നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ബൈജു കുറുപ്പ് നിർവ്വഹിക്കും. കമ്പനി ചെയർമാൻ മാത്യു സിറിയക് ഉറുമ്പുകാട്ട് അദ്ധ്യക്ഷത വഹിക്കും. കമ്പനി വൈസ് ചെയർമാൻ പ്രഫ. ജോസഫ് കൊച്ചുകുട്ടി സന്നിഹിതനായിരിക്കും.

5 ലക്ഷം രൂപയാണ് റൂറൽ മാർട്ട് പദ്ധതിക്കായി നബാർഡ് നൽകുന്ന ധനസഹായം. 630 ഓഹരി ഉടമകൾ പങ്കാളികളായ നീലൂർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രധാന പ്രൊഡക്ഷൻ യൂണിറ്റിനോടും ഓഫീസിനോടും ചേർന്ന് ഒന്നര കോടി രൂപ ചിലവഴിച്ച് 100 ടൺ കപ്പാസിറ്റിയുള്ള ഫ്രീസർ യൂണിറ്റിൻ്റെ പണി പൂർത്തിയായി വരുകയാണ്. പഞ്ചായത്ത് പ്രസിഡൻ്റ് ജിജി തമ്പി, വൈസ് പ്രസിഡൻ്റ് വി.ജി. സോമൻ, ഫാ. മാത്യു പാറത്തൊട്ടിയിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബേബി കട്ടയ്ക്കൽ, ലാലി, മറ്റ് ത്രിതല പഞ്ചായത്തംഗങ്ങൾ, നീലൂർ സർവ്വീസ് സഹകരണ ബാങ്ക് ബോർഡ് അംഗങ്ങൾ, കൃഷി ഓഫീസർ തുടങ്ങിയവർ പങ്കെടുക്കും.

