പാലാ :മല പോലെ വന്നത് ഏലി പോലെ പോയി എന്നൊരു ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായി പോയി പാലാ നഗരസഭയിലെ ചെയർമാൻ കൈമാറ്റ പ്രശ്നം .ഇപ്പോൾ എറിയും…ഇപ്പോൾ എറിയും .ഈ നാളികേരം എറിഞ്ഞു പൊട്ടിച്ചാൽ ,ഈ കൂടോത്രം കുഴിച്ചിട്ടവന്റെ തല പൊട്ടി ചിതറും എന്നൊക്കെ പറഞ്ഞിട്ട് നാളികേരം പൊട്ടിയപ്പോൾ ഒന്നും സംഭവിച്ചില്ല എന്ന് നെടുമുടിവേണു പറഞ്ഞപോലെയായി കാര്യങ്ങൾ .

പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തൻ പാർട്ടിയിലെയും;മുന്നണിയിലെയും ധാരണ പ്രകാരം രാജി വെക്കേണ്ടത് ഫെബ്രുവരി രണ്ടിനാണ്.എന്നാൽ ഫെബ്രുവരി രണ്ടു അടുത്ത് വരുന്തോറും അദ്ദേഹത്തിന് ഒരു അസ്ക്കിത.അദ്ദേഹം പൂക്കുല പോലെ വിറയ്ക്കാൻ തുടങ്ങി.ഞാൻ ഒരു കാരണവശാലും രാജി വയ്ക്കില്ല.ഞാൻ സീനിയറായിട്ടും എന്നെ അംഗീകരിക്കുന്നില്ല.അംഗീകരിക്കഞ്ഞിട്ടാണോ ചെയർമാനാക്കിയത് എന്നൊക്കെ ചോദിച്ചാൽ തുരുത്തന് മറുപടിയൊന്നുമില്ല.

എന്നാൽ ഈയിടെ ഒരു കണക്കുമായി കുറേയാൾക്കാർ ഇറങ്ങി.ഞങ്ങള് പ്രതിപക്ഷത്ത് ഒൻപത് പേരുണ്ട്.തുരുത്താനൊന്ന് അപ്പോൾ പത്തായില്ലേ.ഭരണപക്ഷത്തെ ചെറിയേട്ടന്റെ ഒരു മെമ്പർ വിദേശത്ത് പോയിരിക്കുകയാണ് അപ്പോൾ ഭരണ പക്ഷത്തെ ഒന്ന് കുറഞ്ഞേ ..ശരിയാണോ..അപ്പോൾ ഭരണ പക്ഷത്ത് പതിനാറിൽ ഒന്ന് കുറഞ്ഞു പതിനഞ്ചായല്ലോ.പിന്നെ കണ്ടത്തിൽ പുളി നടുന്ന കൗൺസിലറും;ഷീബ ചേടത്തീം ഞങ്ങടെ കൂടെ വരും അപ്പോൾ 13 ആയല്ലോ;ഞങ്ങടെത് 12 ഉം ആയി വർധിക്കും.ഒരാളും കൂടി വന്നാൽ തുല്യാ തുല്യം ഇതൊക്കെയായിരുന്നു കണക്ക്.പക്ഷെ കാത്ത് സൂക്ഷിച്ച കസ്തൂരി മാങ്കോ കാക്ക കൊത്തി പോയി അയ്യോ കാക്കച്ചി കൊത്തി പോയെ എന്ന് പറഞ്ഞപോലെയായി.
ജോസ് കെ മാണിക്ക് മേലായ്കയാ ..മേലായ്കയാ എന്നൊക്കെ പറഞ്ഞിട്ട് .ഇപ്പോൾ അങ്ങേരും പയറ് പോലെ ഓടി നടക്കുന്നു .അങ്ങേരുടെ ഓപ്പറേഷൻ ബ്ളാക് തണ്ടറിലാണ് ഷാജു തുരുത്തൻ വീണതെന്നാണ് അകത്തളങ്ങളിൽ പറഞ്ഞു കേക്കുന്നത്.ബാബ്‌റി പള്ളി വിഷയത്തിൽ സുലൈമാൻ സേട്ടു പറഞ്ഞ ഒത്തു തീർപ്പ് പോലെ ഒന്നുകിൽ കട്ടേം കമ്പീം കേന്ദ്രം എടുക്ക് .പണി ഞങ്ങള് തീർത്ത് തരാം ;അല്ലെങ്കിൽ കട്ടേം കമ്പീം ഞങ്ങളെടുക്കാം പണി നിങ്ങള് തീർക്ക്.ഈയൊരു ഒത്തു തീർപ്പിൽ തുരുത്തൻ വീണു പോയെന്നാണ് അകത്തള സംസാരം .അങ്ങനെ തോമാച്ചൻ ചെയർമാനാകുന്നതിനു തടസ്സമെല്ലാം നീങ്ങി .
കാട്ടുകുതിര സിനിമയിൽ ഇന്നസെന്റ് പറയുന്നുണ്ട്.എന്റെ അകം ശുദ്ധമാ …ശുദ്ധമല്ലാത്തതൊക്കെയാ പുറത്തേക്കു വരുന്നതെന്ന് പറഞ്ഞ പോലെ തുരുത്തന്റെ അകം ശുദ്ധമാണ്.ശുദ്ധമല്ലാത്തതെല്ലാം പുറത്തേക്കു വരും.അതാണ് അച്ചായൻ ജൂവലറിയുടെ മുന്നിൽ കണ്ടതും.വടക്കൻ വീരഗാഥയിൽ മമ്മൂട്ടി വാളെടുത്ത് വീശി വെല്ലുവിളിക്കുന്നത് കാണുമ്പോൾ ആർക്കായാലും കൊതി തോന്നും.അതുപോലെയൊക്കെ ഒന്ന് തുരുത്തനും പയറ്റി.വാളില്ലാതിരുന്നതിനാൽ കാറിന്റെ ഡാഷിൽ കിടന്ന പേപ്പർ മുറിക്കുന്ന കത്തിയുമായി ചാടിയിറങ്ങി അങ്കക്കലി കൊണ്ട്.പുത്തൂരം വീട്ടിൽ ജനിച്ചോരെല്ലാം പൂ പോലഴകുള്ളൊരായിരുന്നു.ആണുങ്ങളായി ജനിച്ചോരെല്ലാം അങ്കം ജയിച്ചവരായിരുന്നു.ഈ പാട്ട് കേൾക്കാൻ തുടങ്ങിയിട്ട് നാള് കുറെയായി.
പക്ഷെ തുരുത്തൻ അങ്കക്കലി കൊണ്ടത് മിച്ചം.കാര്യം കൈവിട്ട് പോയി.അച്ചായൻ ഗോൾഡിനെതിരെ പത്ര സമ്മേളനം വിളിച്ചപ്പോൾ കൂടെയിരിക്കാൻ സഹ കൗൺസിലർമാർ ആരും ഉണ്ടായിരുന്നില്ല .അന്നാണ് തുരുത്തന് കാര്യങ്ങൾ മനസിലായി തുടങ്ങിയത് .സേനയില്ലാത്ത സേനാ നായകന് എന്ത് വില.എന്നാൽ ഇപ്പോൾ പാർട്ടി തീരുമാനത്തിനൊപ്പം നിന്നാൽ ബെറ്റിക്ക് ചെയർപേഴ്‌സൺ സ്ഥാനമെങ്കിലും ലഭിക്കും.2015 ൽ ബെറ്റി ഷാജു തുരുത്തന് ചെയർപേഴ്‌സൺ സ്ഥാനം ലഭിക്കേണ്ടതായിരുന്നു .പക്ഷെ അന്ന് തുരുത്തൻ വിമതനായി 26 ആം വാർഡിൽ കയറി ഒരു നിൽപ്പ് നിന്നു.ആ നിൽപ്പ് കാരണം തുരുത്തിക്കു ന്യായമായും കിട്ടേണ്ട ചെയർപേഴ്‌സൺ സ്ഥാനം ലഭിച്ചില്ല .എന്നാൽ ഇന്ന് തുരുത്തന്റെ നിലപാട് മൂലം തുരുത്തിക്ക് ലഭിക്കാൻ പോകുന്നത് നഗരസഭാ ചെയർപേഴ്‌സൺ സ്ഥാനം ആണ് .നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണം .വിശപ്പും മാറും ;കൈയ്യിലെ പൊരിഞ്ചും മാറി കിട്ടും. ഹല്ല പിന്നെ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

