പാലാ :ആർക്കും വേണ്ടാത്ത ഒരു തടയണ കാണണമെങ്കിൽ പാലായിൽ നിന്നും വലവൂർ റൂട്ടിലുള്ള പേണ്ടാനം വയലിലേക്ക് പോരെ.സജി മഞ്ഞക്കടമ്പൻ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ 35 ലക്ഷം മുടക്കി അനുവദിച്ചതാണ് ഈ തടയണ.
വേനൽ കാലത്ത് ജനങ്ങൾക്ക് കുളിക്കുവാനും അലക്കുവാനും ഒക്കെ ഉപയുക്തമാക്കുകയായിരുന്നു ലക്‌ഷ്യം.പക്ഷെ ആദ്യ വര്ഷം കുറെ വെള്ളം തടഞ്ഞു നിർത്തിയതല്ലാതെ പിന്നെ ഒന്നുമായില്ല.ഇപ്പോൾ തന്നെ തോട്ടിൽ നീരൊഴുക്കുണ്ട് .അത് തടഞ്ഞു നിർത്തിയാൽ ജനങ്ങൾക്ക് കുളിക്കുവാനും കുടിക്കുവാനും ശുദ്ധജലം ലഭിക്കും.പക്ഷെ ഷട്ടർ ഇട്ട് അടക്കുവാൻ പഞ്ചായത്ത് അധികാരികൾ താൽപ്പര്യം കാണിക്കുന്നില്ല .
കുറെ വര്ഷം മുമ്പ് സാമൂഹ്യ വിരുദ്ധർ തടയണയിൽ ഇട്ടിരുന്ന ഷട്ടറുകൾ ഊരി മാറ്റിയിരുന്നു.എന്നാൽ പോലീസിൽ പരാതിപ്പെടുവാൻ അധികാരികൾ തുനിഞ്ഞില്ല.അടുത്തുള്ള സ്വകാര്യ വ്യക്തി ഷട്ടർ മാറ്റിച്ചതാണെന്നും നാട്ടുകാർ പറയുന്നു .വേനൽ കടുത്തതോടെ നാട്ടുകാരും ആശങ്കയിലാണ് .തടയണയിൽ വെള്ളമുണ്ടെങ്കിൽ ഒരു കിലോമീറ്റർ പ്രദേശത്തെ കിണറുകളിലെ ജല വിധാനവും ഉയരുന്നുണ്ട് .അതുകൊണ്ടു തന്നെ ഷട്ടർ ഘടിപ്പിച്ച് തടയണയിൽ ജലലഭ്യത ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു .
അതെ സമയം ഇപ്പോൾ ഉള്ള ജലലഭ്യത ദുർ വിനിയോഗം ചെയ്യുവാനും ചിലയാളുകൾ പരിശ്രമിക്കുന്നുണ്ട് .കുട്ടികളുടെ പാമ്പേഴ്‌സും.സ്ത്രീകളുടെ സുരക്ഷാ പാടുകളും തോട്ടിൽ നിക്ഷേപിക്കുന്ന പ്രവണതയും വർധിക്കുകയാണ് .ഇപ്പോൾ തടയണയുടെ പല ഭാഗത്തും ഈ മാലിന്യങ്ങൾ അടിഞ്ഞു കൂടിയിട്ടുണ്ട് .അധികാരികൾ നീതി നടപ്പാക്കി തരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ