പാലാ :പ്രതിപക്ഷത്തെ കസേരകളിക്കു യാതൊരു ശമനവുമില്ല .അത് നിർബാധം തുടരുകയാണ് :ഇത്തവണ സതീഷ് ചൊള്ളാനിയുടെ സീറ്റ് ബിനു കൈയ്യടക്കിയപ്പോൾ;ഒട്ടും മടിക്കാതെ കസേരയെടുത്ത് ബിനുവിന്റെ തൊട്ടടുത്തിട്ട് ചൊള്ളാനി ഞാനൊന്നുമറിഞ്ഞില്ലേ രാമ മാരായണ എന്ന മട്ടിലിരുന്നു.ഭരണ പക്ഷത്താവട്ടെ ഗൂഢമായ ചിരിയും ഉയർന്നു.
ബിനു അമേരിക്കൻ പര്യടനമൊക്കെ കഴിഞ്ഞു വർധിത വീര്യത്തോടെയാണ് വന്നത്.വന്നതേ പ്രതിപക്ഷത്തെ ഒന്നാമത്തെ കസേരയിൽ കയറി ഇരിപ്പുറച്ചു.സതീഷ് ചൊള്ളാനിയുടെ സീറ്റായിരുന്നു അത്.ചൊള്ളാനിക്കു അതൊട്ടും പിടിച്ചില്ല .അദ്ദേഹം ഒരു കസേര കൈക്കലാക്കി .ബിനു വിന്റെ അടുത്ത് കൊണ്ടിട്ട് അതിൽ ഇരിപ്പുറച്ചു.പരിണിത പ്രജ്ഞനായ അദ്ദേഹത്തിൽ നിന്നും അതാരും പ്രതീക്ഷിച്ചില്ല.സാധാരണ രീതിയിൽ പക്വമതിയായ അദ്ദേഹം മാറിയിരിക്കേണ്ടതാണ്. പക്ഷെ മുറ്റത്ത് കേറി കളിച്ചത് ചൊള്ളാനിക്കു ഒട്ടും ഇഷ്ടപ്പെട്ടില്ല .കൊത്തി കൊത്തി മുറത്തിൽ കേറി കൊത്താതടാ മകനെ… ഭീമ സേനാ എന്ന് പറഞ്ഞ മട്ടിലായി കാര്യങ്ങൾ .
സതീഷ് സാറിന്റെ സീറ്റ് തരപ്പെടുത്തിയ ബിനു കുനിഞ്ഞാണ് ഏറെ നേരവും ഇരുന്നത്.ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയിട്ട് വന്നതാണോ ..? എന്നാൽ സതീഷ് ചൊള്ളാനിയാവട്ടെ കാലിന്മേൽ കാലും കയറ്റിയിരുന്നു.അതും പോരാഞ്ഞിട്ട് കാല് കൂടെ കൂടെ കുലുക്കുന്നുമുണ്ടായിരുന്നു.പിന്നെയും വിട്ടില്ല സഭയിലെ ചർച്ചകളിലെല്ലാം കയറിയിടപെടുന്നുണ്ടായിരുന്നു.എന്നാൽ ബിനു കുനിഞ്ഞു തന്നെയിരുന്നു. ബിനു ഇടയ്ക്ക് തൊട്ടടുത്തിരുന്ന ജോസ് എടേട്ടിനോട് സംസാരിച്ചപ്പോൾ ;സതീഷ് സാർ പിറകിലൂടെ കഴുത്തു നീട്ടി ജോസുമായി സംസാരിക്കുന്നതും കാണാമായിരുന്നു .സഭ പിരിഞിട്ട് രണ്ടുപേരും ചമ്മിയിട്ടില്ലെന്നറിയിക്കാൻ എല്ലാവരോടും കുശലം ചോദിക്കുന്നുണ്ടായിരുന്നു.
എന്നാൽ സഭയിൽ ശുഭ്ര വർണ്ണമുള്ള ചുരിദാറും ധരിച്ചെത്തിയ പ്രതിപക്ഷത്തെ ഷീബ ടീച്ചർ ഇത്തവണ ചോദ്യങ്ങളുന്നയിച്ച് സഭയിലെ താരമായി .ഒരു കൗൺസിലിലും ഷീബ ടീച്ചർ ഇങ്ങനെ നീണ്ട ഇടപെടലുകൾ നടത്തിയിട്ടില്ല.എന്നാൽ സൗമ്യമായി തന്നെ ദീർഘനേരം സംസാരിച്ചു.അടുത്ത തെരഞ്ഞെടുപ്പിന് ഇനി 15 മാസം കൂടിയേ ഉള്ളൂ.അടുത്ത തെരഞ്ഞെടുപ്പിലും ടീച്ചർ മത്സരിക്കുമെന്ന് കേൾക്കുന്നുമുണ്ട്.അതിനുള്ള മുന്നൊരുക്കമാണോ ഇതെന്ന് കോട്ടയം മീഡിയായ്ക്കൊരു ആശങ്ക ഇല്ലാതില്ല .സിപിഐ(എം) നേതാവ് റോയിച്ചൻ ആ വാർഡിൽ നല്ലൊരു ഗൃഹപാഠം ചെയ്തിട്ടുണ്ട്.
പക്ഷെ ടീച്ചറും ഗൃഹപാഠമൊക്കെ ചെയ്യുന്നുണ്ട്.കൊറോണ കാലത്തൊക്കെ ധാരാളം സേവനങ്ങൾ ചെയ്ത കാര്യം പലരും കോട്ടയം മീഡിയയോട് പറഞ്ഞിരുന്നു .26 ആം വാർഡിൽ ആര് തോറ്റാലും ജനങ്ങൾക്ക് പോയി എന്നെ കോട്ടയം മീഡിയാ പറയൂ.മരണാടിയന്തിര ചടങ്ങുകളിൽ ജനങ്ങളിൽ പലരും ഇവരെ രണ്ടു പേരെയുമെ രാഷ്ട്രീയക്കാരായിട്ടു വിളിക്കാറുള്ളൂ.പാൽ പായസം വേണോ അട പ്രഥമൻ വേണോ എന്ന് ചോദിച്ച പോലെയാകും കാര്യങ്ങൾ . പക്ഷെ ടീച്ചർക്ക് ഇപ്പോൾ ജനാധിപത്യ മഹിളാ അസോസിയേഷൻ;ഡി വൈ എഫ് ഐ ;എസ് എഫ് ഐ ;പുരോഗമ കലാ സാഹിത്യ സംഘം എന്നൊന്നും പറഞ്ഞാൽ അത്രക്കങ്ങോട്ടു ഇഷ്ട്ടം പോരാ;പണ്ട് കരളുറപ്പനുമായി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി തെരെഞ്ഞെടുപ്പിൽ രണ്ടു കവിള് രണ്ടു പേരും സംസാരിച്ചു അതിൽ പിന്നെ ഒരു അസ്ക്കിതയാണ് ടീച്ചറിന് . .എന്നാലും ടീച്ചർ ഏത് കീടനാശിനി മുന്നണിയാണെങ്കിലും കടുത്ത മത്സരം തീർച്ചയാണ് .
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ