കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വിയോടെ തുടക്കം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പഞ്ചാബ് എഫ്.സിയാണ് മഞ്ഞപ്പടയെ തോൽപിച്ചത്. പഞ്ചാബിനായി പെനാൽറ്റിയിലൂടെ ലുക മാൻസെൻ (86), ഫിലിപ്പ് മിർസ്ജാക്ക് (90+5) എന്നിവർ വലകുലുക്കി. 90+2 മിനിറ്റിൽ ജീസസ് ജിമിനസാണ് ആതിഥേയർക്കായി വലകുലുക്കിയത്.
ബ്ലാസ്റ്റേഴ്‌സിനായി അരങ്ങേറ്റ മത്സരത്തിലാണ് സ്പാനിഷ് ട്രൈക്കർ ഗോൾ നേടിയത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയില്ലാതെ ആദ്യ മത്സരത്തിനിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് മൈതാനത്ത് ഒത്തിണക്കത്തോടെ പന്തുതട്ടാന്‍ ബുദ്ധിമുട്ടി. മറുവശത്ത് കൃത്യമായി പദ്ധതികളുമായി മികച്ച ഒത്തിണക്കത്തോടെ കളിച്ച പഞ്ചാബ് മികച്ച അവസരങ്ങളും മുന്നേറ്റങ്ങളും സൃഷ്ടിച്ചു. ആദ്യ പകുതിയില്‍ അവര്‍ പന്ത് വലയിലെത്തിച്ചെങ്കിലും അത് ഓഫ്‌സൈഡായി.