ചെങ്ങന്നൂർ: വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവും കെെക്കലാക്കി മുങ്ങിയ വധു പിടിയില്‍. പാലക്കാട് ഒറ്റപ്പാലം അമ്ബലപ്പള്ളിയില്‍ ശാലിനിയെയാണ് (40) പൊലീസ് പിടികൂടിയത്.

ജനുവരി 20നാണ് ചെറിയനാട്ട് സ്വദേശിയായ യുവാവുമായി ഇവരുടെ വിവാഹം കഴിഞ്ഞത്. മൂന്നുദിവസം ഭർതൃവീട്ടില്‍ താമസിച്ചശേഷം ശാലിനി മഹാരാഷ്ട്രയിലെ പുനെയില്‍ താൻ ജോലി ചെയ്യുന്ന സ്ഥലത്തേക്ക് പോകേണ്ടതുണ്ടെന്ന് പറഞ്ഞ് സ്വർണവും പണവുമായി ഇറങ്ങി. പിന്നീട് ഭർത്താവും വീട്ടുകാരും ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. ഇതോടെ സംശയം തോന്നിയ വീട്ടുകാർ അന്വേഷണം തുടങ്ങി.
യുവാവിന്റെ സഹോദരി യുവതിയുടെ ചിത്രം യൂട്യൂബില്‍ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് മനസിലായത്. ഇതിന് മുൻപ് 2011ല്‍ സമാനമായ തട്ടിപ്പുകേസില്‍ ശാലിനിക്കെതിരെ ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി സമാന കേസുകളില്‍ ഇവർക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശാലിനി അരൂരിലെ വാടക വീട്ടില്‍ വെെക്കം സ്വദേശിയുമായി താമസിക്കുന്നുവെന്ന് വിവരം ലഭിച്ചു. ഇവിടെ നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പ്രതിയെ ചെങ്ങന്നൂർ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി.