ജോലിക്ക് നിന്നിരുന്ന കടയിൽ നിന്നും മോഷണം; അഞ്ചംഗ സംഘം പിടിയിൽ - Kottayam Media

Kerala

ജോലിക്ക് നിന്നിരുന്ന കടയിൽ നിന്നും മോഷണം; അഞ്ചംഗ സംഘം പിടിയിൽ

Posted on

വയനാട്: കൽപ്പറ്റ പനമരത്തിനടുത്ത് മാര്‍ബിള്‍ ഷോറൂമില്‍ കവർച്ച നടത്തിയ അഞ്ചംഗസംഘം പോലീസ് പിടിയിൽ. പനമരത്തിനടുത്ത് കൂളിവയലിലെ കാട്ടുമാടം മാര്‍ബിള്‍സിലെ തൊഴിലാളികളും ഇതരസംസ്ഥാനക്കാരുമായ അഞ്ചംഗസംഘമാണ് രാത്രിയില്‍ ഓഫീസിലെ ലോക്കര്‍ തകര്‍ത്ത് ലക്ഷങ്ങള്‍ കൈക്കലാക്കി മുങ്ങിയത്. കവർച്ച നടത്തി സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ റെയില്‍വെസ്റ്റേഷനില്‍ നിന്നാണ് പോലീസ് പിടികൂടിയത്. ഷോറൂമില്‍ നിന്ന് 2,34000 രൂപ മോഷ്ടിച്ചെന്ന പരാതിയിലാണ് നടപടി.

സ്ഥാപനത്തിലെ തൊഴിലാളികളും, രാജസ്ഥാന്‍ സ്വദേശികളുമായ ശങ്കര്‍, ഗോവിന്ദന്‍, പ്രതാപ്, വികാസ്, രാകേഷ് എന്നിവര്‍ മംഗലാപുരത്ത് വെച്ചാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ഓഫീസില്‍ പണം സൂക്ഷിച്ച ലോക്കര്‍ തകര്‍ത്തായിരുന്നു കവര്‍ച്ച. പണം കൈക്കലാക്കിയ പ്രതികള്‍ ഓട്ടോറിക്ഷയില്‍ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനിലെത്തുകയും സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് മംഗലാപുരം റെയില്‍വെസ്റ്റേഷനില്‍ നിന്ന് റെയില്‍വെ പോലീസ് പിടികൂടിയത്.

പണം നഷ്ടപ്പെട്ടതറിഞ്ഞ സ്ഥാപന അധികൃതര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ഉടന്‍ വയനാട് ജില്ല പൊലീസ് മേധാവി ആര്‍.ആനന്ദിന്റെ നിര്‍ദ്ദേശപ്രകാരം പനമരം സി.ഐ സിജിത്ത്, എസ്.ഐ വിമല്‍ ചന്ദ്രന്‍,പൊലീസ് രഹസ്യാന്വേഷണ വിഭാഗം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ മംഗലാപുരത്തെത്തിയതായുള്ള സൂചന ലഭിച്ചു. പൊലീസ് സംഘം മംഗലാപുരം റെയില്‍വേ പൊലീസിനെ വിവരമറിയിക്കുകയും മോഷണസംഘത്തെ സ്റ്റേഷനില്‍ വെച്ച് പിടികൂടുകയുമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും, മൊബൈല്‍ ടവര്‍ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം തന്നെ പ്രതികളെ പിടികൂടാന്‍ സാധിച്ചത്. മൂന്ന് മാസം മുന്‍പാണ് പ്രതികള്‍ സംഘം സ്ഥാപനത്തില്‍ ജോലിക്ക് കയറിയതെന്നാണ് വിവരം. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനായി പനമരം എസ്.ഐ വിമല്‍ ചന്ദ്രനും സംഘവും മംഗലാപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version