കൽപ്പറ്റ: വയനാടിനെ പ്രമേയമാക്കി പുതുവത്സര കലണ്ടർ പുറത്തിറക്കി പ്രിയങ്കാ ഗാന്ധി എംപി. എംപി സ്ഥാനത്ത് എത്തിയതിന് ശേഷം വയനാട്ടിൽ പ്രിയങ്കാ ഗാന്ധി നടത്തിയ ഇടപെടലുകളാണ് ചിത്രരൂപത്തിൽ കലണ്ടറിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.

മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രിയങ്ക ഗാന്ധി എംപി നടത്തിയ തുലാഭാരം വഴിപാടാണ് ജനുവരി മാസത്തിന്റെ മുഖചിത്രം. കരുളായിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മണിയുടെ സഹോദരൻ അയ്യപ്പന്റെ കൈ പിടിച്ച് നിലമ്പൂർ ചോലനായ്ക്കർ ഉന്നതിയിൽ നടക്കുന്ന ചിത്രമാണ് ഫെബ്രുവരി മാസത്തേത്.
നൂൽപ്പുഴയിൽ കുടുംബശ്രീ സംരംഭമായ വനദുർഗ മുള ഉത്പന്ന കേന്ദ്രത്തിൽ സരസ്വതി കൊട്ട നെയ്യുന്നത് കൗതുകത്തോടെ നോക്കി പഠിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രവും ചെറുവയൽ രാമനോടൊപ്പം കൃഷിയിടത്തിൽ നടക്കുന്ന ചിത്രവുമെല്ലാം ഓരോ മാസത്തിലെ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.