അടിസ്ഥാനരഹിതമായ ആരോപണമാണ് പി ജയരാജന്‍ ഉന്നയിച്ചതെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. ആരോപണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ പൊതുസമൂഹത്തിന് താല്‍പര്യമുണ്ട്. ആരോപണം ശരിയോ തെറ്റോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണ്. പി ജയരാജന്റെ നിലപാട് തന്നെയാണോ സി പി എമ്മിനെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
അതിനിടെ പൊളിറ്റിക്കൽ ഇസ്ലാം പ്രസ്താവന വിവാദത്തില്‍ പ്രതികരണവുമായി പി ജയരാജൻ രാത്രി രംഗത്തെത്തി. അഭിമുഖത്തിലെ ഒരു ഭാഗം വളച്ചൊടിച്ചുവെന്നാണ് പി ജയരാജന്റെ വിശദീകരണം. ഐ എസിലേക്ക് ഇപ്പോൾ കേരളത്തിൽ നിന്ന് റിക്രൂട്ട്മെന്റ് നടത്തുന്നതായി എവിടെയും പറഞ്ഞിട്ടില്ല. മുമ്പ് വിരലിൽ എണ്ണാവുന്നവരെ റിക്രൂട്ട് ചെയ്തു എന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പി ജയരാജന്‍ പറഞ്ഞു. രാഷ്ട്രീയ ഇസ്ലാമിനെ സിപിഎം എപ്പോഴും അകറ്റിനിർത്തിയിട്ടുണ്ട്. ആഗോള സമാധാനത്തിന്റെ യഥാർത്ഥ ഭീഷണി ഇസ്ലാമിക തീവ്രവാദമെന്ന വാചകത്തോട് ശക്തമായ വിയോജിപ്പാണുള്ളത്. ഇങ്ങനെ പറയുന്നത് മരം മറഞ്ഞു കാട് കാണാതിരിക്കലെന്നും ജയരാജൻ പ്രതികരിച്ചു.