Kerala

‘സ്റ്റഡി ക്ലാസ് അല്ല, മറുപടിയാണ് വേണ്ടത്’, മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വിഡി സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആരോപണങ്ങളില്‍ മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് അല്ല, കൃത്യമായ മറുപടിയാണ് വേണ്ടത് എന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ദൂതനായിട്ടല്ലേ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് ?. എഡിജിപി എംആര്‍ അജിത് കുമാര്‍ കോവളത്ത് ആര്‍എസ്എസ് നേതാവ് രാം മാധവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആരൊക്കെ പങ്കെടുത്തു ?. ആര്‍എസ്എസ് നേതാക്കളെ കണ്ട എഡിജിപിയെ മുഖ്യമന്ത്രി എന്തിന് സംരക്ഷിക്കുന്നു ?. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്തത്രേയ ഹൊസബലയേയും രാം മാധവിനേയും പത്ത് ദിവസത്തെ ഇടവേളയില്‍ എഡിജിപി കണ്ടത് എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ബിജെപിയെ സഹായിക്കാന്‍ മുഖ്യമന്ത്രി തന്നെയല്ലേ പൂരം കലക്കിയത് ?. പൂരം കലക്കി സഹായിച്ചതിന് പ്രത്യുപകാരമായി മാസപ്പടി കേസിലെ വീണക്കെതിരായ എസ്എഫ്‌ഐഒ അന്വേഷണം മരവിപ്പിച്ചുവെന്നും സതീശന്‍ ആരോപിച്ചു. എല്‍ഡിഎഫിലെ ഘടകകക്ഷികളും എഡിജിപിക്കെതിരെ നടപടി വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണ്?. പത്ത് ദിവസമായി ഒരു ഇടത് എംഎല്‍എ പരസ്യമായി മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശരിയോ തെറ്റോ എന്നും വി ഡി സതീശന്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top