വടകരയിൽ വീണ്ടും മത്സരിക്കാൻ തയ്യാർ, പുതുമുഖങ്ങൾ വന്നാൽ മാറി നിൽക്കാം: കെ മുരളീധരൻ - Kottayam Media

Kerala

വടകരയിൽ വീണ്ടും മത്സരിക്കാൻ തയ്യാർ, പുതുമുഖങ്ങൾ വന്നാൽ മാറി നിൽക്കാം: കെ മുരളീധരൻ

Posted on

കോഴിക്കോട് : അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ നിന്നും വീണ്ടും മത്സരിക്കാൻ താൻ തയ്യാറാണെന്ന് കോൺഗ്രസ് എംപി കെ മുരളീധരൻ. എന്നാൽ പുതുമുഖങ്ങൾ വന്നാൽ താൻ മാറിനിൽക്കാൻ തയ്യാറെന്നും എന്ത് വേണമെന്ന് പാർട്ടി തീരുമാനിക്കട്ടെയെന്നും മുരളീധരൻ വ്യക്തമാക്കി.

സിറ്റിംഗ് എംപിമാർ മാറി നിന്നാൽ കോൺഗ്രസിന് പരാജയ ഭീതിയെന്ന പ്രതീതി സൃഷ്ടിക്കും. അതുണ്ടാക്കാൻ താൽപ്പര്യപ്പെടുന്നില്ല. കേരളത്തിൽ പ്രവർത്തിക്കാൻ ഒരുപാട് നേതാക്കളുണ്ട്. ഡൽഹിയിൽ പ്രവർത്തിക്കാൻ താൽപ്പര്യമുള്ള നേതാക്കൾ അവിടെ പ്രവർത്തിക്കട്ടെ. അതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും മുരളീധരൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് ‘പോയിൻറ് ബ്ലാങ്കിലാണ്’ കെ മുരളീധരന്റെ പ്രതികരണം. നേരത്തെ, താൻ ഇനി ലോക്സഭാ സീറ്റിൽ മത്സരിക്കാനില്ലെന്ന് പല വേദയിലും പറഞ്ഞ മുരളീധരനാണ് ഒടുവിൽ നിലപാട് മാറ്റിയത്. കോഴിക്കോട് അടക്കമുള്ള ജില്ലകളിലെ ബ്ലോക്ക് കോൺഗ്രസ് പട്ടികയിൽ അപാകതകളുണ്ടെന്നും വടകര എംപി കൂടിയായ മുരളീധരൻ തുറന്നടിച്ചു.

കോൺഗ്രസിന് ഉള്ളിൽ ചില തർക്കങ്ങളുണ്ട്. അത് പരിഹരിക്കപ്പെടണം. തർക്കവും വിമർശനവും ഉന്നയിച്ചവരെല്ലാം കോൺഗ്രസിലെ മുതിർന്ന നേതാക്കന്മാരാണ്. എം കെ രാഘവനാകട്ടെ, ബെന്നി ബെഹ്നാൻ ആകട്ടെ എല്ലാവരും മുതിർന്നവരാണ്. അവരുടെ കൂടെ അഭിപ്രായം കൂടി പരിഗണിച്ച് വേണം പുനഃസംഘടന പൂർത്തിയാക്കാൻ.

ഒരു വിഭാഗം മാറി നിന്നാൽ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജയിക്കാനാകില്ല. രാഷ്ട്രീയ കാര്യ സമിതി ചേർന്ന് തർക്കങ്ങൾ പരിഹരിക്കണമെന്ന അഭിപ്രായമാണ് തനിക്ക് മുന്നോട്ട് വെക്കാനുള്ളത്. സുൽത്താൻ ബത്തേരി കോൺഗ്രസ് ക്യാമ്പിലുണ്ടായ ആവേശം നിലനിർത്തണമെന്നും അതിനായുള്ള പ്രവർത്തനങ്ങളുണ്ടാകണമെന്നും കെ മുരളീധരൻ നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version