കേരള സന്ദർശനത്തിനായി തലസ്ഥാനത്തെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷിനെ ഒഴിവാക്കി. സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രാഥമിക പട്ടികയിൽ മേയറുടെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും, പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച് നൽകിയ അന്തിമ പട്ടികയിലാണ് മേയർ പുറത്തായത്.

പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി 22 പേരുടെ പട്ടികയ്ക്കാണ് പി.എം.ഒ അംഗീകാരം നൽകിയിട്ടുള്ളത്. പ്രോട്ടോക്കോൾ പ്രകാരം നഗരത്തിന്റെ പ്രഥമ പൗരനായ മേയർ സ്വീകരണ പട്ടികയിൽ ഇടംപിടിക്കേണ്ടതാണ്. എന്നാൽ, ബിജെപിക്ക് ഭരണമുള്ള തിരുവനന്തപുരം കോർപ്പറേഷന്റെ മേയറെ തന്നെ ഒഴിവാക്കിയാണ് പുതിയ പട്ടിക പുറത്തുവന്നത്.