പതിനെട്ടാം ലോക്സഭയിലെ ആദ്യ ബജറ്റ് സമ്മേളനം ഇന്നാരംഭിക്കും. നാളെയാണ് കേന്ദ്രബജറ്റ്. സാമ്പത്തിക സർവേ ഇന്ന് സഭയുടെ മേശപ്പുറത്ത് വയ്ക്കും.
ഇന്ന് മുതൽ ആഗസ്റ്റ് 12 വരെയാണ് പാർലമെന്റിന്റെ ഇരുസഭകളും സമ്മേളിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയുടെ നേർചിത്രമായ സാമ്പത്തിക സർവേ ഇന്ന് സമർപ്പിച്ച ശേഷം ധനമന്ത്രി നിർമല സീതാരാമൻ നാളെ പൂർണ ബജറ്റ് അവതരിപ്പിക്കും. ഇടക്കാല ബജറ്റും വോട്ട് ഓൺ അകൗണ്ടുമാണ് നേരത്തെ പാസാക്കിയിരുന്നത്.
കേരളത്തിന് നിർണായകമായ കോഫി പ്രൊമേഷൻ ആൻഡ് ഡെവലപ്മെന്റ് , റബർ പ്രൊമോഷൻ ആൻഡ് ഡെവലപ്മെന്റ് തുടങ്ങി ആറ് ബില്ലുകളാകും സമ്മേളനത്തിൽ അവതരിപ്പിക്കുക. കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിന്റെ ബജറ്റും അവതരിപ്പിക്കും. 1934-ലെ എയർക്രാഫ്റ്റ് ആക്ടിന് പകരം ഭാരതീയ വായുധാൻ വിധേയക്, സ്വാതന്ത്ര്യത്തിന് മുൻപുള്ള നിയമത്തിന് പകരമായി ബോയിലേഴ്സ് ബിൽ എന്നിവയും അവതരിപ്പിക്കും. സമ്മേളനത്തിന് മുന്നോടിയായുള്ള സർവകക്ഷിയോഗം ഇന്നലെ ചേർന്നിരുന്നു.