Kerala

തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർത്ഥി; മത്സരിക്കുക ദേശാഭിമാനി മുൻ ബ്യൂറോചീഫ്

തിരുവനന്തപുരം നഗരസഭയിൽ സിപിഎമ്മിന് വിമത സ്ഥാനാർത്ഥി. മാധ്യമ പ്രവർത്തകനും ദേശാഭിമാനി മുൻ ബ്യൂറോ ചീഫുമായ കെ ശ്രീകണ്ഠനാണ് ഉള്ളൂരിൽ മത്സരത്തിന് ഇറങ്ങുന്നത്. സിപിഎം ഉള്ളൂർ ലോക്കൽ കമ്മറ്റി അംഗവുമായ ശ്രീകണ്ഠൻ, സ്വതന്ത്ര സ്ഥാനാർത്ഥിയെന്ന് പോസ്റ്ററും അച്ചടിച്ച് പ്രചാരണം തുടങ്ങിക്കഴിഞ്ഞു.

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു പറ്റിച്ചുവെന്ന ഗുരുതര ആരോപണവും ഉയർത്തിക്കൊണ്ടാണ് ശ്രീകണ്ഠൻ മത്സരത്തിന് ഇറങ്ങുന്നത്. മത്സരിക്കാൻ റെഡിയായിക്കോളൂ എന്ന് തന്നോട് പറഞ്ഞത് കടകംപള്ളി ആണ്. എന്നിട്ട് മറ്റൊരാളെ സ്ഥാനാർത്ഥിയായി അദ്ദേഹം തന്നെ നിർദേശിച്ചുവെന്നും ശ്രീകണ്ഠൻ ആരോപിക്കുന്നു.

തലസ്ഥാനത്ത് ദീർഘനാൾ മാധ്യമ പ്രവർത്തകനായി ജോലിചെയ്ത പരിചയസമ്പത്ത് ഉണ്ട്. തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ ഭാരവാഹിയായും പലവട്ടം മത്സരിച്ച് ജയിച്ചിട്ടുണ്ട്. നാട്ടിലും ജനങ്ങളുടെ പ്രശ്നങ്ങളിൽ താൻ മുന്നിൽ നിന്നിട്ടുണ്ടെന്നും അതെല്ലാം വോട്ടാകുമെന്നും ശ്രീകണ്ഠൻ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.

മറ്റു പാർട്ടികളിൽ സാധാരണമാണെങ്കിലും വിമതരെ കാര്യമായി കൈകാര്യം ചെയ്യുന്ന പതിവാണ് സിപിഎമ്മിനുള്ളത്. എന്നാൽ നേതൃത്വത്തിൽ പലരുമായും അടുപ്പം പുലർത്തുന്ന മുതിർന്ന ജേണലിസ്റ്റ് എന്ന നിലയിൽ ശ്രീകണ്ഠൻ്റെ നീക്കം പ്രതിസന്ധിയാകും. പാർട്ടി അഭിമാന പോരാട്ടമായി കാണുന്ന തിരുവനന്തപുരം നഗരസഭയിൽ ഇത് വല്ലാത്ത അസ്വസ്ഥത സൃഷ്ടിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top