തൃശ്ശൂർ: കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ തുടര്‍ അന്വേഷണം ആവശ്യപ്പെട്ട് റെയില്‍വേയ്ക്കും കുന്നംകുളം പൊലീസിനും പരാതി നല്‍കി.

കുന്നംകുളം മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകനായ ശ്രീബിന്‍ (37) എന്ന ബ്രഹ്‌മാനന്ദ ഗിരിയെയാണ് ഖമ്മം സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലേക്ക് ട്രെയിനില്‍ വരവേ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു.

ഫോണ്‍ സംഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനില്‍നിന്ന് വീണതിന്റെ ലക്ഷണങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്നാണ് ബന്ധുക്കള്‍ പ്രധാനമായും ഉന്നയിക്കുന്ന സംശയം. ട്രെയിനില്‍വച്ച് ആരോടോ തര്‍ക്കമുണ്ടായെന്ന് സംശയിക്കുന്നതായും ഇവര്‍ പറയുന്നു.

