മംഗളൂരു : റിട്ടയേർഡ് പ്രിൻസിപ്പലിന്റെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണത്തിന് ശ്രമിച്ചു, ദമ്പതികൾ അറസ്റ്റിൽ. പുത്തൂർ മുദുരുവിൽ താമസിക്കുന്ന കാർത്തിക് റാവു (31) ഭാര്യ കെ.എസ്. സ്വാതി റാവു (25) എന്നിവരെയാണ് പുത്തൂർ കസബ പൊലീസ് അറസ്റ്റ് ചെയ്തത്.റി ട്ട. പ്രിൻസിപ്പൽ എ.വി. നാരായണയുടെ വീട്ടിൽ കവർച്ചക്ക് ശ്രമിച്ച കേസിലാണ് അറസ്റ്റ്. കുറ്റകൃത്യത്തിന് ദമ്പതികൾ ഉപയോഗിച്ചതായി പറയപ്പെടുന്ന മോട്ടോർ സൈക്കിളും പിടിച്ചെടുത്തു.

ഹെൽമെറ്റ് ധരിച്ച് മുഖം മറച്ച രണ്ട് അജ്ഞാത വ്യക്തികൾ കഴിഞ്ഞ മാസം 17ന് അർധരാത്രിയിൽ പിൻവാതിലിലൂടെ തന്റെ വീട്ടിൽ അതിക്രമിച്ചു കയറിയെന്നാണ് നാരായണ പരാതിയിൽ പറഞ്ഞിരുന്നത്. അവർ തന്നേയും ഭാര്യയെയും ഭീഷണിപ്പെടുത്തി വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചു. സംഘര്‍ഷത്തിനിടെ ഭാര്യക്ക് പരിക്കേറ്റു. നിലവിളിയും ബഹളവും കേട്ട് ഭയന്ന അക്രമികൾ പിൻവാതിലിലൂടെ ഓടി രക്ഷപ്പെട്ടു. എന്നാല്‍ സാധനങ്ങളൊന്നും മോഷ്ടിക്കാനായില്ലെന്നും നാരായണ വ്യക്തമാക്കിയിരുന്നു. പിന്നാലെ പുത്തൂർ സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.
.