തിരുവല്ലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു - Kottayam Media

Crime

തിരുവല്ലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു

Posted on

തിരുവല്ലയിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രവർത്തകർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് അടിച്ചു തകർത്തു. ഓഫീസിൻ്റെ പൂട്ട് തകർത്ത് അകത്തുകടന്ന പ്രവർത്തകർ കസേരയും കൊടിതോരണങ്ങളും നശിപ്പിച്ചു. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയതിനെതിരെയായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം.

ധീരജിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്റ്റിലായിരുന്നു. പറവൂർ പുത്തൻവേലിക്കര സ്വദേശി അലക്സ് റാഫേൽ എന്ന വിദ്യാർത്ഥിയാണ് അറസ്റ്റിലായത്. ഇടുക്കി കരിമണൽ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അലക്സിനെ ഇടുക്കിയിലേക്ക് കൊണ്ടുപോയി. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ഭാരവാഹിയുമാണ് അലക്സ്.

കൊലപാതകത്തിൽ അലക്സിനു പങ്കുണ്ടെന്നാണ് വിവരം. നേരിട്ട് പങ്കായിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല. കൊലപാതകത്തിനു പിന്നാലെ അലക്സ് കോളേജിൽ നിന്ന് മുങ്ങി വീട്ടിലേക്ക് പോയിരുന്നു. ധീരജിന്റെ കൊലപാതകത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. ധീരജിന്റെ വലത്ത് നെഞ്ചിലേറ്റ ആഴത്തിലുള്ള ഒറ്റമുറിവാണ് മരണകാരണമെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ കൂടുതൽ പ്രതികളുണ്ടെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

പിടിയിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിയുടെയും സുഹൃത്ത് ജെറിൻ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കോളേജിലെത്തിയത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണെന്ന് നിഖിൽ പൈലി പോലീസിന് മൊഴി നൽകി. പേനാ കത്തി സ്വയ രക്ഷയ്ക്ക് കരുതിയതാണെന്നാണ് മൊഴി.

ഇന്നലെയാണ് ഇടുക്കി പൈനാവ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്‌ഐ പ്രവർത്തകനുമായ ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ടത്. കണ്ണൂർ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവർത്തകർ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version