നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം - Kottayam Media

Crime

നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം

Posted on

കൊച്ചി :നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് ഹൈക്കോടതി നിര്‍ദേശം. കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉചിതമായ നടപടിയെടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. ദിലീപിന്റെ ഹര്‍ജി രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ച്ചത്തേയ്ക്ക് മാറ്റി.

വെള്ളിയാഴ്ച്ചവരെ അറസ്റ്റുണ്ടാവില്ലെന്ന് പ്രതിഭാഗത്തിന് ഉറപ്പ് ലഭിച്ചു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഒന്നാം പ്രതിയാക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ദിലീപ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ബാലചന്ദ്രകുമാറിന്റെ മൊഴി വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും അതിനു ശേഷം വാദം കേള്‍ക്കുന്നതാവും ഉചിതമെന്ന് കഴിഞ്ഞ വെള്ളിയാഴ്ച ഹര്‍ജി പരിഗണിക്കവെ കോടതി അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ന്ന് ഹര്‍ജി ഇന്ന് പരിഗണിക്കവെ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ചോദിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.

ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയുമായ ഹോട്ടലുടമ ശരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും വെള്ളിയാഴ്ച്ച പരിഗണിക്കാനായി മാറ്റി. ശരത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകാന്‍ തയ്യാറാകാതിരുന്ന ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം വിചാരണക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version