തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ് കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു - Kottayam Media

Kerala

തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ് കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു

Posted on

കൊല്ലം: ചവറയിൽ വായ്‌പാ തിരിച്ചടവ് മുടങ്ങിയതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ക്രൂരത. തിരിച്ചടവ് മുടങ്ങിയ ഉടമകളുടെ വീടുകളിൽ സ്പ്രേ പെയിന്റ് കൊണ്ട് ധനകാര്യ സ്ഥാപനം ഉടമസ്ഥാവകാശം എഴുതി പിടിപ്പിച്ചു. സ്ഥാപനത്തിന്റെ പേരാണ് ഭിത്തിയിൽ എഴുതിപ്പിടിപ്പിച്ചത്. ചോള ഹോം ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്‌പ എടുത്തവർക്കാണ് ഈ ദുരവസ്ഥ. രണ്ട് മാസത്തെ തിരിച്ചടവ് മുടങ്ങിയതിനാണ് ചുമരുകളിൽ ധനകാര്യ സ്ഥാപനത്തിന്റെ പേര് എഴുതിയതെന്ന് വീട്ടുകാർ ആരോപിച്ചു.

 

 

സ്ഥാപനത്തിന് വേണ്ടി പിരിവിനെത്തുന്ന ഏജന്റിൽ നിന്ന് കടുത്ത പീഡനമാണ് നേരിടുന്നതെന്നാണ് വീട്ടുടമ പറയുന്നത്. പണം പിരിക്കാനെത്തുന്ന ഏജന്റ് അപമര്യാദയായി പെരുമാറുന്നത് പതിവാണ്. പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ട്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്ന ഗുരുതര ആരോപണവും ഏജന്റിനെതിരെ വീട്ടുടമ ഉന്നയിച്ചു. തിരിച്ചടവ് മുടങ്ങിയാൽ വീടിന് മുന്നിൽ സ്റ്റിക്കർ പതിക്കും. ഒരു തിരിച്ചടവ് മുടങ്ങിയാൽ പച്ചയും രണ്ടെണ്ണം മുടങ്ങിയാൽ ഓറഞ്ച് സ്റ്റിക്കറും പതിക്കും. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വീട്ടുകാരുടെ ആരോപണം.

 

 

പരാതിയിൽ ഏജന്റിന്റെ പൊലീസ് വിളിച്ച് വരുത്തുകയും വീടുകളിൽ പോയി പണം പിരിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ ഇത് കൂട്ടാക്കിയിട്ടില്ല. ഇപ്പോഴത്തെ സംഭവത്തിന് പിന്നാലെ ഇയാളെ പൊലീസ് വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. വീട്ടുകാരെയും വിളിപ്പിച്ചു. അതേസമയം ഇത്തരത്തിൽ ചെയ്യാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് ധനകാര്യ സ്ഥാപനമായ ചോള ഹോം ഫിനാൻസിന്റെ വിശദീകരണം. ഏജന്റിന് പറ്റിയ വീഴ്ചയാണ് ഇതെന്നും സ്ഥാപനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version