Kerala

വർധിച്ചു വരുന്ന അക്രമങ്ങളിൽ സിനിമക്കും പങ്കുണ്ട്; സുരേഷ് ഗോപി

സമൂഹത്തിൽ വർധിച്ചു വരുന്ന അക്രമങ്ങളിൽ സിനിമക്കും പങ്കുണ്ടാകാമെന്ന് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. എന്നാൽ എല്ലാറ്റിനും കാരണം സിനിമയാണെന്ന് പറയരുത്. കുട്ടികളെ നൻമ ഉള്ളവരാക്കി വളർത്തിക്കൊണ്ടു വരണമെന്നും സുരേഷ്ഗോപി പറഞ്ഞു.

സംസ്ഥാനത്ത് അടിക്കടി വർധിച്ചുവരുന്ന അതിക്രമങ്ങളിൽ സിനിമക്ക് സ്വാധീനമുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.

‘മക്കൾ എന്നു പറയുന്നത് കുടുംബത്തിന്റെ മാത്രം സ്വത്തല്ല. രാജ്യത്തിന്റേത് കൂടിയാണ്. ഞാൻ കാലങ്ങളായി പറയുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഒരു കുഞ്ഞും മോശം വഴികളിലൂടെ കടന്ന് പോകരുത്. കുഞ്ഞുങ്ങളെ പൂർണതയിൽ എത്തിക്കേണ്ടത് രാജ്യത്തെ പ്രധാനമന്ത്രിയടക്കമുളള എല്ലാവരുടെയും ഉത്തരവാദിത്തമാണ്. കുട്ടികളെ ശരിയായ രീതിയിൽ വളർത്താൻ അച്ഛനും അമ്മയെയും കൂടാതെ മ​റ്റുളളവർക്കും സാധിക്കണം. രാഷ്ട്രീയ തലത്തിൽ പരിശോധിക്കുവാണെങ്കിൽ ഓരോ ബൂത്തും നിയന്ത്രിക്കുന്നതിന് ആളുകളുണ്ട്. അവർക്കും കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.

സിനിമയ്ക്ക് ഇതിൽ പങ്കുണ്ടെന്ന് പറയുന്നവരുണ്ട്. ഇവയൊന്നും സിനിമയിൽ ഉത്ഭവിച്ചതാണെന്ന് പറയരുത്. ഒരുപാട് വിമർശിക്കപ്പെടുന്ന സിനിമ ഇടുക്കി ഗോൾഡാണ്. അങ്ങനെയൊരു അവസ്ഥ ഉണ്ടായതുകൊണ്ടാണല്ലോ ആ സിനിമ ഉണ്ടായത്. അതിനെ മഹത്വവൽക്കരിച്ചതിന് പിന്നിൽ എന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന് സിനിമ നിർമിച്ച കലാകാരൻമാരോട് ചോദിക്കണം. സിനിമയിലെ വയലൻസിൽ ഞാനും ഭാഗമായിട്ടുണ്ട്. ഇതൊന്നും ആനന്ദിക്കാൻ ചെയ്യുന്നതല്ല. പഠിക്കാനുളളതാണ്. മനസിലാക്കണം, സിനിമ കാണുക മാത്രമല്ല, മനസിലാക്കാനും ശ്രമിക്കണം’-അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top