ബംഗളൂരു: ബംഗളൂരു നഗരത്തിലെ തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്കുന്ന പദ്ധതിയുമായി കോര്പ്പറേഷന്.

തെരുവുനായകള്‍ അക്രമാസക്തമാകുന്നത് കുറച്ച് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ബൃഹത് ബംഗളൂരു മഹാനഗര പാലിക പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്.
പ്രതിദിനം തെരുവുനായകള്‍ക്ക് ‘സസ്യേതര’ ഭക്ഷണം നല്‍കുന്നതാണ് പദ്ധതി. ദിവസം ഒരുനേരം കോഴിയിറച്ചിയും ചോറുമടങ്ങിയ ഭക്ഷണം നല്‍കാനാണ് തീരുമാനം. തുടക്കത്തില്‍ നഗരത്തിലെ 5000 തെരുവുനായകള്‍ക്ക് ഭക്ഷണം ലഭിക്കും.

ബംഗളൂരു നഗരത്തില്‍ ഒന്നടങ്കം 2.8 ലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ നായയുടെയും ഭക്ഷണത്തില്‍ 150 ഗ്രാം കോഴിയിറച്ചി, 100 ഗ്രാം ചോറ്, 100 ഗ്രാം പച്ചക്കറി, 10 ഗ്രാം ഓയില്‍ എന്നിവ അടങ്ങിയിരിക്കണമെന്നാണ് നിര്‍ദേശം.