ടോക്കിയോ: ആരോഗ്യകരമായ ജീവിതത്തിന് ഒരു മനുഷ്യന്‍ ശരാശരി ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അത്യാവശ്യമാണെന്നാണ് ആരോഗ്യവിദഗ്ധര്‍ അവകാശപ്പെടുന്നത്. നല്ല ഉറക്കത്തിന്റെ അഭാവം മാനസികാവസ്ഥയെ ബാധിക്കും. ഇത് ഉല്‍പ്പാദനക്ഷമതയെയും ബാധിച്ചേക്കാം. നല്ല ഉറക്കം ലഭിക്കുന്നത് വൈജ്ഞാനിക പ്രവര്‍ത്തനം, ആരോഗ്യം എന്നിവ മെച്ചപ്പെടുത്തുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി ഒരു ദിവസം 30 മിനിറ്റ് മാത്രം ഉറങ്ങുന്ന ഒരാളെക്കുറിച്ച് പറഞ്ഞാലോ? ജപ്പാനില്‍ നിന്നുള്ള ഒരു സംരംഭകന്റെ വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്.
ഡെയ്സുക്ക് ഹോറി എന്ന ജാപ്പനീസ് സ്വദേശി 12 വര്‍ഷമായി ദിവസവും 30 മിനിറ്റ് മാത്രമാണ് ഉറങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. തന്റെ ജീവിതം ഇരട്ടിയാക്കാന്‍ വേണ്ടിയാണ് ഉറക്കം കുറച്ചത് എന്നാണ് യുവാവിന്റെ അവകാശവാദം. കുറഞ്ഞ ഉറക്കത്തിലും തന്റെ ശരീരത്തെയും തലച്ചോറിനെയും സാധാരണ രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പരിശീലിപ്പിച്ചതായും യുവാവ് പറഞ്ഞു. ഈ രീതി തന്റെ പ്രവര്‍ത്തനക്ഷമത മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.’ഭക്ഷണം കഴിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് നിങ്ങള്‍ കളികളില്‍ ഏര്‍പ്പെടുകയോ കാപ്പി കുടിക്കുകയോ ചെയ്താല്‍ നിങ്ങള്‍ക്ക് മയക്കം ഒഴിവാക്കാനാകും’-ഡെയ്‌സുക്ക് പറഞ്ഞു.
വര്‍ക്കില്‍ ഫോക്കസ് നിലനിര്‍ത്താന്‍ ദീര്‍ഘനിദ്രയേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കം നിര്‍ണായകമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.”ജോലിയില്‍ സ്ഥിരമായ ശ്രദ്ധ ആവശ്യമുള്ള ആളുകള്‍ക്ക് ദീര്‍ഘമായ ഉറക്കത്തേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ള ഉറക്കത്തില്‍ നിന്ന് കൂടുതല്‍ പ്രയോജനം ലഭിക്കും. ഉദാഹരണത്തിന്, ഡോക്ടര്‍മാര്‍ക്കും അഗ്‌നിശമന സേനാംഗങ്ങള്‍ക്കും വിശ്രമ കാലയളവ് കുറവാണ്, പക്ഷേ ഉയര്‍ന്ന കാര്യക്ഷമത നിലനിര്‍ത്തുന്നു’- യുവാവ് ഓര്‍മ്മിപ്പിച്ചു.
ഹോറിയുടെ അവകാശവാദങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ജപ്പാനിലെ യോമിയുരി ടിവി ഒരു റിയാലിറ്റി ഷോയില്‍ യുവാവിനെ പങ്കെടുപ്പിച്ചു. മൂന്ന് ദിവസമാണ് യോമിയുരി ടിവി അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചത്. ഹോറി ഒരിക്കല്‍ വെറും 26 മിനിറ്റ് മാത്രമാണ് ഉറങ്ങിയതെന്നും യോമിയുരി ടിവി അവകാശപ്പെട്ടു