കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി പിതാവ് ഇക്ബാൽ.

പ്രതികൾ മുൻപും സംഘർഷമുണ്ടാക്കിയെന്നും രക്ഷിതാക്കൾ സാക്ഷിയായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരിച്ചടിക്കാൻ രക്ഷിതാക്കൾ പ്രേരണ നൽകി. അന്ന് ശിക്ഷ നൽകണമായിരുന്നു. എങ്കിൽ കുട്ടികൾ ഇന്ന് കൊലപാതകികൾ ആകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സംഭവത്തിന് കാരണക്കാർ പ്രതികളുടെ രക്ഷിതാക്കൾ തന്നെയാണ്. നീതിപീഠവും അന്വേഷണസംഘവും കൃത്യമായ ശിക്ഷ നൽകണം. പ്രതികളിൽ ഒരാളുടെ രക്ഷിതാവ് ക്വൊട്ടേഷൻ സംഘത്തലവനാണെന്നും ഷഹബാസിൻ്റെ പിതാവ് പറഞ്ഞു. തന്റെ മകൻ ഒരു വാക്കുപോലും സംസാരിക്കാതെ തന്നെ വിട്ടുപോയി. കേസിൽ നിഷ്പക്ഷ അന്വേഷണം വേണം. പരമാവധി ശിക്ഷ പ്രതികൾക്ക് നൽകണം.സ്വാധീനം ചെലുത്താൻ കഴിവില്ലാത്തവരാണ് തങ്ങളെന്നും ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ പറഞ്ഞു.

