സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ രണ്ടാം മത്സരം നാളെ. രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന മത്സരത്തില്‍ റെയില്‍വേസ് ആണ് എതിരാളികള്‍. ഇന്നലെ നടന്ന ആദ്യമത്സരത്തില്‍ കേരളം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയിരുന്നു. ആദ്യപകുതിയില്‍ ഗോള്‍ വഴങ്ങിയ ശേഷമായിരുന്നു കേരളത്തിന്റെ തിരിച്ചുവരവ്.

എം മനോജ് കേരളത്തിന്റെ സമനില ഗോള്‍ നേടിയപ്പോള്‍ മുഹമ്മദ് അജ്സലിന്റെ ഇരട്ടഗോളില്‍ കേരളം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. സര്‍വീസസ്, ഒഡീഷ്, മേഘാലയ എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയില്‍ കേരളവുമായി ഏറ്റുമുട്ടാനുള്ളത്. ഗ്രൂപ്പിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ക്വര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശിക്കാം. ഗ്രൂപ്പില്‍ ഒന്നാമതെത്താനായിരിക്കും കേരളത്തിന്റെ ശ്രമം. സന്തോഷ് ട്രോഫിയില്‍ ഏഴ് തവണ ചാമ്പ്യന്മാരായ കേരളം നിലവിലെ റണ്ണര്‍ അപ്പ് കൂടിയാണ്. ഇത്തവണ കപ്പ് നേടാനാവുമെന്ന വലിയ ആത്മവിശ്വാസത്തിലാണ് ടീം കേരള. അസമിലെ കടുത്ത തണുപ്പന്‍ കാലാവസ്ഥയെ അതിജീവിക്കാന്‍ ടീമിനെ വയനാട്ടിലെത്തിച്ച് പരിശീലിപ്പിച്ചിരുന്നു.