India

സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിന് 25 വർഷം തടവ്

2022ല്‍ ന്യൂയോർക്കിലെ ഒരു പ്രഭാഷണ വേദിയിൽ വെച്ച് വിഖ്യായ എ‍ഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഹാദി മതറിന് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി. കൊലപാതകശ്രമത്തിനും ആക്രമണത്തിനും 27കാരനായ ഹാദി കുറ്റക്കാരനാണെന്ന് ഫെബ്രുവരിയിൽ കോടതി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കുള്ള ശിക്ഷ കോടതി വിധിച്ചിരിക്കുന്നത്.

റുഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് പരമാവധി 25 വർഷവും വേദിയിലുണ്ടായിരുന്ന മറ്റൊരാളെ മുറിവേൽപ്പിച്ചതിന് ഏഴുവർഷവും തടവാണ്‌ വിധിച്ചതെന്ന് ചൗതൗക്വാ കൗണ്ടി ജില്ലാ അറ്റോർണി ജേസൺ ഷ്‌മിഡ്റ്റ് പറഞ്ഞു.

 

ശിക്ഷ വിധിക്കുന്നതിന് മുമ്പ്, മതർ കോടതി മുറിയില്‍ എഴുന്നേറ്റ് നിന്ന് സംസാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പ്രസ്താവന നടത്തി. പിന്നാലെ അതിൽ അദ്ദേഹം റുഷ്ദിയെ ഒരു കപടനാട്യക്കാരനാണെന്ന് വിളിച്ചു. അതേസമയം ശിക്ഷാവിധി കേള്‍ക്കാൻ സൽമാൻ റുഷ്ദി കോടിതിയിലെത്തിയില്ല.

2022 ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രസംഗത്തിനിടെ അക്രമി റുഷ്ദിയുടെ മുഖത്തും കഴുത്തിലും നിരവധി തവണ കുത്തി. ആക്രമണത്തിൽ അദ്ദേഹത്തിന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. കരളിൻ്റെ പ്രവര്‍ത്തനത്തിനും തകരാര്‍ സംഭവിച്ചു. കൈയിലെ നാഡിക്ക് ക്ഷതം സംഭവിച്ച് അദ്ദേഹത്തിൻ്റെ ഒരു കൈയും തളർന്നുപോയി. പ്രവാചകൻ മുഹമ്മദ് നബിയെ ചിത്രീകരിച്ചതിൻ്റെ പേരില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട നോവലായ ‘ദി സാത്താനിക് വേഴ്‌സസ്’ പുറത്തിറങ്ങിയതിന് 35 വർഷങ്ങൾക്ക് ശേഷമാണ് റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top