പത്തനംതിട്ട: ശബരിമലയിൽ വഴിപാടിനുള്ള തേൻ വിതരണത്തിൽ ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി ദേവസ്വം വിജിലന്‍സ്. തേൻ വിതരണം ചെയ്തത് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിലാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വീഴ്ച കണ്ടെത്തിയതിന് പിന്നാലെ ദേവസ്വം വിജിലന്‍സ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തേൻ ഉപയോഗിക്കാതെ മാറ്റിയിട്ടുണ്ട്. പരിശോധന നടത്തുന്നതിൽ പമ്പയിലെ ഭക്ഷ്യസുരക്ഷ ലാബിന്റെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണുണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കരാറുകാർക്ക് എക്സിക്യൂട്ടീവ് ഓഫീസർ കാരണം കാണിക്കൽ നോട്ടീസ് നൽകി
പൊതുമേഖല സ്ഥാപനമായ റയ്ഡ്കോ ആണ് ഫോമിക് ആസിഡ് വിതരണം ചെയ്യുന്ന കണ്ടെയ്നറുകളിൽ തേൻ നൽകിയത്. സംഭവത്തിൽ വിജിലൻസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ തേൻ ഉപയോഗിക്കാതെ മാറ്റിവെച്ചിരിക്കുകയാണ്. അഭിഷേകത്തിനുൾപ്പെടെ പഴ സ്റ്റോക്കിലെ തേനാണ് എടുക്കുന്നത്.

സംഭവത്തിൽ പമ്പയിലെ ഭക്ഷ്യസുരക്ഷാ ലാബ് റിസർച്ച് ഓഫീസർക്ക് വീഴ്ച സംഭവിച്ചുവെന്നും വിജിലൻസ് കണ്ടെത്തി. വിജിലന്‍സിന്റെ കണ്ടെത്തൽ ശരിവെച്ചതിനെ തുടർന്ന് റയ്ഡ്കോക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ ജി ബൈജു മാധ്യമങ്ങളോട് പ്രതികരിച്ചു. മറുപടി ലഭിക്കുന്നതിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വിതക്തമാക്കി. കണ്ടെയ്നറുകൾ കൂടുതൽ പരിശോധന നടത്തും. കഴിഞ്ഞ ആഴ്ചയാണ് വിജിലൻസ് പരിശോധന നടത്തിയത്. ഇന്നാണ് ഇതുമായി ബന്ധപ്പെട്ട പ്രാഥമിക റിപ്പോർട്ട് പുറത്തുവന്നത്.