Kerala

ശബരിമല സ്വർണക്കവർച്ച കേസ്; സിപിഎം നടപടി എടുത്താൽ പല ഉന്നതരും കുടുങ്ങും

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെതിരെ സിപിഎം നടപടി എടുത്താൽ പത്മകുമാറും ചില ബോംബുകൾ പൊട്ടിക്കുമെന്ന് സൂചന. കേസുമായി ബന്ധപ്പെട്ട പല ഉന്നത നേതാക്കളുടെയും പേരുകൾ പത്മകുമാർ പുറത്തുവിട്ടേക്കുമെന്നാണ് വിവരം. തന്നെ പാർട്ടിയിൽ നിന്നു തരം താഴ്ത്തുകയോ പുറത്താക്കുകയോ ചെയ്താൽ സ്വർണക്കവർച്ച കേസിലെ മുൻ മന്ത്രിയുടെ അടക്കം പങ്ക് പത്മകുമാർ പരസ്യമാക്കും എന്നാണ് പുറത്തുവരുന്ന സൂചന. ഇത്തരം വെളിപ്പെടുത്തലുകൾ ഒഴിവാക്കാൻ സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും പത്തനംതിട്ട ജില്ലയുടെ ചുമതലയുമുള്ള തോമസ് ഐസക്കിനെ അനുനയ ചർച്ചകൾക്ക് ചുമത്തപ്പെടുത്തിയിട്ടുണ്ട്. അതേസമയം, പത്മകുമാറിന്റെ ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കുമെന്ന വിവരവും പുറത്തുവന്നതോടെ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്.

ഭക്തജനങ്ങളെയും പാർട്ടി പ്രവർത്തകരെയും അനുനയിപ്പിക്കാൻ പാർട്ടിക്ക് പത്മകുമാറിനെതിരെ ശക്തമായ നടപടി എടുത്തേ മതിയാകൂ. എന്നാൽ അതുമൂലം പാർട്ടി നേരിടാൻ പോകുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനം ചർച്ച ചെയ്ത സംസ്ഥാന കമ്മിറ്റി മുതൽ ലോക്കൽ കമ്മിറ്റി വരെ ശമരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പ്രധാന കാരണമാണെന്നു വിലയിരുത്തിയിരുന്നു. പത്മകുമാറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാത്തതിലുള്ള അമർഷവും കീഴ് ഘടകങ്ങൾ ശക്തമായി ഉന്നയിച്ചിരുന്നു. ഗത്യന്തരമില്ലാതെയാണു സിപിഎം സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസം ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

ശബരിമല യുവതീപ്രവേശ സമയത്തെ ഉന്നതരുടെ ഇടപെടൽ ഉൾപ്പെടെ പുറത്തു പറയുമെന്നു പത്മകുമാർ അടുത്ത സുഹൃത്തുക്കളോടു പറഞ്ഞതായാണു സൂചന. മാസപൂജയ്ക്കു സ്ത്രീകളെ ശബരിമല ദർശനത്തിന് അനുവദിക്കാൻ തീരുമാനിച്ചിരുന്നതായും സൂചനയുണ്ട്. പിന്നീട് ശുദ്ധികലശം നടത്തിയാൽ മതിയെന്നും മണ്ഡലകാലത്തെ തിരക്കിൽ സ്ത്രീകൾക്ക് ദർശനം അനുവദിക്കരുതെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top