ഒരു കോടി ലോട്ടറിയടിച്ച രാമകൃഷ്ണൻ ഇന്നും തെരുവിൽ ഭാഗ്യം വിറ്റു ജീവിക്കുന്നു,ഇനിയും ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷ - Kottayam Media

Kerala

ഒരു കോടി ലോട്ടറിയടിച്ച രാമകൃഷ്ണൻ ഇന്നും തെരുവിൽ ഭാഗ്യം വിറ്റു ജീവിക്കുന്നു,ഇനിയും ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷ

Posted on

എടക്കര (മലപ്പുറം) ∙ ലോട്ടറി നറുക്കെടുപ്പ് പോലെ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ ജീവിതമാണ് എടക്കര കൗക്കാട് പാണംപൊയിൽ രാമകൃഷ്ണന്റേത്. 2014ൽ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ച ഭാഗ്യവാനായിരുന്നു ഈ എഴുപത്തിരണ്ടുകാരൻ. കാലചക്രം 8 വർഷം തിരിഞ്ഞപ്പോൾ ഉപജീവന മാർഗം കണ്ടെത്താൻ ലോട്ടറി ടിക്കറ്റ് വിറ്റു നടക്കുന്നു. ലോട്ടറിയടിച്ചവന്റെ ധൂർത്തല്ല രാമകൃഷ്ണനെ വീണ്ടും ജീവിത മാർഗം തേടി തെരുവിലിറക്കിയത്. പണം മുഴുവൻ കുടുംബത്തിനു വേണ്ടിയും സ്വന്തം ചികിത്സയ്ക്കായും ചെലവഴിക്കുകയായിരുന്നു.

ജില്ലയിലെ മലയോര മേഖലയിൽ ഇത്രയും വലിയ തുക ലോട്ടറിയടിക്കുന്ന ആദ്യത്തെയാൾ രാമകൃഷ്ണനാണ്. നികുതിയും മറ്റും കിഴിച്ച് 63 ലക്ഷം അന്നു കൈയ്യിൽ കിട്ടി. പൊളിഞ്ഞുവീഴാറായ വീട് പുതുക്കിപ്പണിതു. രണ്ടു മക്കളെ സഹായിച്ചു. നല്ലൊരു തുക ബാങ്കിൽ നിക്ഷേപിച്ചു. മുസല്യാരങ്ങാടിയിൽ നേരത്തേയുണ്ടായിരുന്ന ചായക്കട ലോട്ടറിയടിച്ചതിനു ശേഷവും നടത്തിപ്പോന്നിരുന്നു രാമകൃഷ്ണൻ.

ലോട്ടറിയടിക്കുന്നതിനു മു‍ൻപേ സംഭവിച്ച വാഹനാപകടത്തെത്തുടർന്നു ചില ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി കുറെ പണം ചെലവായി. ഒരു വർഷം മുൻപ് ചായക്കടയും നിർത്തിയതോടെ വരുമാനം നിലച്ചു. ഇതോടെയാണ്, 7 മാസമായി ലോട്ടറി ടിക്കറ്റ് വിൽപന തുടങ്ങിയത്. ചെറുതെങ്കിലും സ്ഥിര വരുമാനം ഇതിൽനിന്നു ലഭിക്കുന്നുണ്ട്.

ഒരു കോടി ലോട്ടറിയടിച്ച തന്റെ അക്കൗണ്ടിലെ ഇപ്പോഴത്തെ ‘ബാലൻസ്’ പറയാനും രാമകൃഷ്ണനു മടിയില്ല; 6000 രൂപ. വിൽപന നടത്തി ബാക്കിവരുന്ന ടിക്കറ്റി‍ലൂടെ ഒരിക്കൽക്കൂടി ഭാഗ്യദേവത കടാക്ഷിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ രാമകൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version