തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഒമ്പത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂരില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴ കുറയും. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്.

അതേസമയം നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജലകമ്മിഷന് മുന്നറിയിപ്പ് നല്കി. ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ (വെള്ളൈകടവ് സ്റ്റേഷന്) കേന്ദ്ര ജല കമ്മിഷന് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു. നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല.

തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്ന് കെഎസ്ഡിഎംഎ അറിയിച്ചു.