തിരുവനന്തപുരം: തിങ്കളാഴ്ചയോടെ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്ക് മുകളില്‍ അതി മര്‍ദ്ദ മേഖല പതിയെ രൂപപ്പെടുകയാണ്. ഇതിന്റെ ഫലമായി തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ വരണ്ട കാലാവസ്ഥ തുടരുകയാണ്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സെപ്റ്റംബര്‍ 25ഓടേ പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

അതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടുന്നു. വ്യാഴാഴ്ചയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ഇത് ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

