തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ്.

ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. 20ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പായ ഓറഞ്ച് അലേർട്ട് ഉൾപ്പെടെ വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി മെയ് 21ഓടെ ഉയർന്ന ലെവലിൽ ചക്രവാതച്ചുഴി രൂപപ്പെട്ട് മെയ് 22ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് മഴ മുന്നറിയിപ്പ്.

