കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വഞ്ചകനെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫിൽ.

യുഡിഎഫ് അണികളിലുള്ള മാർക്‌സിസ്റ്റ് വിരോധവും പിണറായി ഗവൺമെന്റിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള അതി വൈകാരികതയേയും തെറ്റിനെ മറച്ചു വെക്കാനുള്ള ഉപാധിയായി രാഹുൽ കണ്ടു. പാർട്ടി പ്രവർത്തകരെ വഞ്ചിക്കുകയും അവരുടെ വൈകാരികതയെ ചൂഷണം ചെയ്യുകയും ചെയ്തുവെന്ന് ദുൽഖിഫിൽ ഫേസ്ബുക്ക് കുറിപ്പിൽ ആരോപിച്ചു.
പൊതു പ്രവർത്തകർ പാലിക്കേണ്ട മിനിമം ജാഗ്രതയും കരുതലും ഏത് ഉന്നതനും നിർബന്ധമാണ്. അതിനു സാധിക്കുന്നില്ലെങ്കിൽ പ്രസ്ഥാനത്തിന് പ്രയാസം ഉണ്ടാക്കാതെ എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് എന്നന്നേക്കുമായി പൊതുപ്രവർത്തനരംഗത്ത് നിന്നും മാറിനിൽക്കുന്നതാണ് ഉചിതം. എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ച് പൊതുപ്രവർത്തനരംഗത്ത് നിന്ന് മാറിനിൽക്കണമെന്നും കുറിപ്പിൽ പറയുന്നു

പാർട്ടി തീരുമാനത്തിന് പുല്ല് വില നൽകി പുച്ഛത്തോടെ മുന്നോട്ട് പോയത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ലൈക്കിന്റെ എണ്ണമോ സൈബർ പിന്തുണയോ എന്നതിനപ്പുറം ജനങ്ങൾ പാർട്ടി സ്വീകരിച്ച നടപടി മാതൃകയായാണ് കണ്ടത്. നിരപരാധിത്വം തെളിയുന്നതിന് മുൻപ് പാർട്ടിയെ വെല്ലുവിളിക്കുന്നത് ഏത് ഉന്നതനായാലും അത്ര ഭൂഷണമല്ല. വ്യക്തിസ്വാതന്ത്ര്യം അനുഭവിക്കുമ്പോഴും അതു മറ്റുതരത്തിലുള്ള പരാതികൾ വരാതെ കാത്തുസൂക്ഷിക്കേണ്ടതും ജാഗ്രത പുലർത്തേണ്ടതും അതാത് വ്യക്തികൾ തന്നെയാണ്.
വ്യക്തിപരമായി നമുക്ക് കിട്ടുന്ന അംഗീകാരവും ബഹുമാനവും ആകർഷണവും ഒക്കെ ഒരു കൊടിയുടെ കീഴിൽ പ്രവർത്തിക്കുന്നത് കൊണ്ടാണ് എന്നുള്ള ഉത്തമ ബോധ്യം ഏതു ഉന്നതസ്ഥാനത്ത് നിൽക്കുന്നവർക്കും അനിവാര്യമാണ്. അത് കക്ഷിരാഷ്ട്രീയ വ്യത്യാസം ഇല്ലാതെ എല്ലാ പൊതുപ്രവർത്തകർക്കും ബാധകമാണ് എന്നുള്ളത് തിരിച്ചറിയുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി.