കോട്ടയം ഗാന്ധിനഗർ സർക്കാർ നേഴ്സിങ് കോളജിലെ റാഗിങ് കേസിൽ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകി. കേസന്വേഷണത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നടപടി. കസ്റ്റഡി അപേക്ഷ ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി ബുധനാഴ്ച പരിഗണിക്കും.

ഗാന്ധിനഗറിൽ അതിപ്രാകൃതമായ റാഗിങ് നടത്തിയ അഞ്ച് പ്രതികളെയും കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മൂന്നുമാസം നീണ്ട പീഡന പരമ്പരയിലെ കൃത്യമായ ദിവസങ്ങളും സമയവും അടക്കം ചോദിച്ചറിയണം.
ഇതിനായി അഞ്ചു ദിവസമെങ്കിലും കസ്റ്റഡിയിൽ വേണമെന്നാണ് ഗാന്ധിനഗർ പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷ. കേസിൽ കൂടുതൽ പ്രതികൾ ഇല്ലെന്ന് അന്വേഷണസംഘം നേരത്തെ വ്യക്തമാക്കിയിരുന്നു.

