തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സർവകലാശാല അനിവാര്യമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ഇനിയും സ്വകാര്യ സർവകലാശാലകള്‍ക്ക് അയിത്തം കല്‍പിക്കേണ്ടതില്ല. എസ്‌എഫ്‌ഐക്ക് യാഥാർത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സർവ്വകലാശാല യാഥാർത്ഥ്യമായി. കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സർവ്വകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സർവ്വകലാശാലയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല. സിപിഐയുടേത് എതിർപ്പല്ല, അവരുടെ അഭിപ്രായം ഉണ്ടായിരുന്നു. ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയില്‍ എത്തുന്നത്. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിർദ്ദേശത്തില്‍ സിപിഐ വിയോജിച്ചു. ഇന്നത്തെ കാലത്ത് സ്വകാര്യ സർവ്വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി പറഞ്ഞു.

