ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി സജീവമായേക്കുമെന്ന് സൂചന. പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനമായ ഇന്ന് ഉത്തർപ്രദേശ് കോൺഗ്രസ് നടത്തുന്ന പരിപാടികളാണ് പ്രിയങ്കയുടെ മടങ്ങിവരവിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് തിരികൊളുത്തിയത്. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി വെറും ഒരു വർഷം മാത്രം ബാക്കിനിൽക്കെ യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ പ്രിയങ്ക തന്നെ നേരിട്ട് ഇറങ്ങിയേക്കുമെന്നാണ് സൂചന.

പ്രിയങ്ക ഗാന്ധിയുടെ പിറന്നാൾ ദിനമായ ഇന്ന് മുതൽക്ക് വിപുലമായ പരിപാടികൾക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. മുപ്പത് സ്ഥലങ്ങളിൽ ഭരണഘടനാ സംവാദ റാലികൾ, തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിൽ പ്രതിഷേധം തുടങ്ങിയ 100 ദിന കർമപരിപാടിക്കാണ് കോൺഗ്രസ് തുടക്കം കുറിക്കുന്നത്. മാത്രമല്ല, ഇന്നേ ദിവസം ‘പരിവർത്തൻ പ്രതിഗ്യ ദിവസ്’ ആയി ആചരിക്കാനും യുപി കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. 2027ൽ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത.